| Monday, 30th September 2024, 8:44 am

"ഇവന്‍ ചത്തതില്‍ സന്തോഷിക്കണം"; പുഷ്പന്റെ മരണത്തെ അപമാനിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുവാറ്റുപുഴ: കൂത്തുപറമ്പ് രക്തസാക്ഷി പുഷപനെയും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെയും അപമാനിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോതമംഗലം ഗ്രേഡ് എസ്.ഐ. കെ.എസ്. ഹരിപ്രസാദിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

1993 ഫസ്റ്റ് ബി.എന്‍. ചങ്ങതിക്കൂട്ടം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ഹരിപ്രസാദിന്റെ അധിക്ഷേപ പരാമര്‍ശം. ‘ഇവന്‍ ചത്തതില്‍ സന്തോഷിക്കണം, വല്ലവനും പറയുന്നത് കേട്ട് പാര്‍ട്ടി, പാര്‍ട്ടി, എന്ന് കുരച്ചുചാടുന്നവര്‍ ചിന്തിക്കുക. അമ്മയുടെ അവിട്ടിലെ പാര്‍ട്ടി, ഇവന്‍ നരകിച്ചിട്ട് പാര്‍ട്ടി വളര്‍ന്നോ’ എന്നായിരുന്നു ഹരിപ്രസാദിന്റെ വാക്കുകള്‍. പുഷ്പന്റെ മണവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താകാര്‍ഡിനോടുള്ള പ്രതികരണമായിട്ടായിരുന്നു ഹരിപ്രസാദിന്റെ കമന്റ്.

ഹരിപ്രാസാദിന്റെ പ്രതികരണം പുഷ്പനോടും പാര്‍ട്ടിയോടും വൈകാരിക അടുപ്പമുള്ളവരെ വേദനിപ്പിക്കുന്നതും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ കാരണമാകുന്നതുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയത്. ഈ പരാതിയെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.

ഹരിപ്രസാദിന്റെ നടപടി പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും കടുത്ത അച്ചടക്കലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത് എന്നും സസ്‌പെന്റ് ചെയ്ത് കൊണ്ടുള്ള റെയ്ഞ്ച് ഐ.ജിയുടെ ഉത്തരവില്‍ പറയുന്നു. എറണാകുളം നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി സൂപ്രണ്ടിനാണ് ഹരിപ്രസാദിനെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ചുമതല.

കൂത്തുപറമ്പ് സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ പുഷ്പന്‍ മൂന്ന് പതിറ്റാണ്ടോളം ശരീരം അനക്കാന്‍ കഴിയാതെ കിടപ്പിലായിരുന്നു. പിന്നീട് സെപ്റ്റംബര്‍ 28നാണ് അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് വിലാപ യാത്രയായിട്ടാണ് പുഷ്പന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. വഴിയിലുടനീളം നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാന്‍ കാത്തുനിന്നത്. വൈകീട്ട് വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം എം.പി. തുടങ്ങി മുതിര്‍ന്ന സി.പി.ഐ.എം നേതാക്കള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

content highlights: Suspension of SI for insulting Pushpan’s death

We use cookies to give you the best possible experience. Learn more