| Monday, 27th May 2024, 2:54 pm

ഗുണ്ടയുടെ വിരുന്നിൽ ഡി.വൈ.എസ്.പി; സൽക്കാരത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ഗുണ്ടാനേതാവ് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ആലപ്പുഴ ഡി.വൈ.എസ്.പി എം.ജി സാബുവും സംഘവുമാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഡി.വൈ.എസ്.പിയുടെ സംഘത്തിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയെയാണ് നടപടി.

തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലൊരുക്കിയ വിരുന്നിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്. അങ്കമാലി പൊലീസ് നടത്തിയ ഓപ്പറേഷനിടെയാണ് സംഘം പിടിയിലാകുന്നത്. സസ്‌പെൻഷൻ പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടിയാണ്. സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഡി.വൈ.എസ്.പിയുടെ ഡ്രൈവറും എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനെയുമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ആലുവ റൂറൽ എസ്.പിയുടെ റിപ്പോർട്ട് അനുസരിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഡി.വൈ.എസ്.പിക്കെതിരെയുള്ള നടപടി ജില്ലാ പൊലീസ് മേധാവിയുടെ പരിധിയിൽ വരുന്നതല്ല. അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ഡി.ജി.പിക്കായിരിക്കും ഡി.വൈ.എസ്.പിക്കെതിരെ നടപടിയെടുക്കാൻ കഴിയുക.

പരിശോധനക്കെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡി.വൈ.എസ്.പി വീട്ടിലെ ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു. അങ്കമാലി പുളിയാനത്ത് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് തമ്മനം ഫൈസല്‍.

സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി തമ്മനം ഫൈസൽ രംഗത്തെത്തി. തന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കൾ ആണ് ഉണ്ടായിരുന്നതെന്നുമായിരുന്നു പ്രതികരണം.

Content Highlight: Suspension of police officers who attended gang leader’s reception

Latest Stories

We use cookies to give you the best possible experience. Learn more