| Sunday, 19th June 2022, 9:27 am

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. തൃശൂര്‍ സി.ആര്‍.പി സെക്ഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിനു ഉള്‍പ്പെടെ 16 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ചത്. അപ്പീലില്‍ വാദവും അന്വേഷണവും നടത്തിയതിന് ശേഷമാണ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

കേസിലെ ആറ് പ്രതികളുടെ ആസ്തികള്‍ ക്രൈംബ്രാഞ്ച് നേരത്തെ മരവിപ്പിച്ചിരുന്നു. സി.പിഐ.എം നേതൃത്വത്തിലുളള 13അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.

ബാങ്കില്‍ നിന്നും 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നൂറു കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഒന്നാം പ്രതി ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി ആര്‍ സുനില്‍ കുമാര്‍, രണ്ടാം പ്രതിയായ മുന്‍ മാനേജര്‍ ബിജു കരീം, മൂന്നാം പ്രതി മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സ്, നാലാം പ്രതി ഇടനിലക്കാരന്‍ കിരണ്‍, അഞ്ചാം പ്രതി കമ്മീഷന്‍ ഏജന്റ് എ കെ ബിജോയ് ആറാം പ്രതി ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റായിരുന്ന റെജി എം അനില്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അന്നത്തെ അബ്ബാസാണ് ഇന്നത്തെ അമിത്; മുസ്‌ലിം സുഹൃത്തിനെക്കുറിച്ചുള്ള മോദിയുടെ ‘അയവിറക്കലിനെ’ ട്രോളി സോഷ്യല്‍ മീഡിയ

CONTENT HIGHLIGHTS:  suspension of Co-operation Department officials in connection with the Karuvannur Bank scam has been canceled

We use cookies to give you the best possible experience. Learn more