തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. തൃശൂര്‍ സി.ആര്‍.പി സെക്ഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിനു ഉള്‍പ്പെടെ 16 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ചത്. അപ്പീലില്‍ വാദവും അന്വേഷണവും നടത്തിയതിന് ശേഷമാണ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
കേസിലെ ആറ് പ്രതികളുടെ ആസ്തികള്‍ ക്രൈംബ്രാഞ്ച് നേരത്തെ മരവിപ്പിച്ചിരുന്നു. സി.പിഐ.എം നേതൃത്വത്തിലുളള 13അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.
ബാങ്കില്‍ നിന്നും 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നൂറു കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.