| Wednesday, 5th December 2012, 9:24 am

ചട്ടലംഘനം; ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസാന്‍: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ (ഐ.ഒ.എ.) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) സസ്‌പെന്‍ഡ് ചെയ്തു. ഒളിമ്പിക്‌സ് ചാര്‍ട്ടര്‍ ലംഘിച്ച് അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് നീക്കം നടത്തിയതിനാണ് അച്ചടക്കനടപടി.[]

കേന്ദ്ര സര്‍ക്കാറിന്റെ കായിക നിയമമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന  ഇന്ത്യന്‍ നിലപാട് ഐ.ഒ.സി തള്ളി. ഇതോടെ ഒളിമ്പിക്‌സ് ഉള്‍പ്പെടെ ഐ.ഒ.സിക്ക് കീഴിലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള രാജ്യാന്തര മേളകളില്‍ ഇന്ത്യക്ക് പങ്കെടുക്കാനാവില്ല.

ഇത് സംബന്ധിച്ച് ഐ.ഒ.സിയുടെ മുന്നറിയിപ്പിന് ഇന്ത്യയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൊവ്വാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടിവ് ബോര്‍ഡ് യോഗം വിലയിരുത്തി. എന്നാല്‍, വിലക്ക് അത്‌ലറ്റുകള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കുന്നതിന് തടസ്സമാവില്ല.

അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെന്നാണ് ഒളിമ്പിക്‌സമിതിയുടെ ആരോപണം. അന്താരാഷ്ട്ര ഒളിമ്പിക്ചട്ടങ്ങള്‍ അനുസരിച്ചായിരിക്കണം അംഗരാജ്യങ്ങളിലെ ഒളിമ്പിക് സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍.

ഇന്ത്യയില്‍ ഇത്തവണ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന സ്‌പോര്‍ട്‌സ് നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അഴിമതിക്കേസില്‍ ഗുരുതരമായ ആരോപണം നേരിടുന്ന സുരേഷ് കല്‍മാഡി, ലളിത് ഭാനോട്ട് തുടങ്ങിയവരെ ഒളിമ്പിക്പ്രസ്ഥാനത്തിന്റെ ഭാഗമാക്കരുതെന്ന ഐ.ഒ.സി. സദാചാരസമിതി ശുപാര്‍ശയും നടപ്പായില്ല.

വിലക്ക് ഉള്ളതിനാല്‍ ഐ.ഒ.സിയുടെ സാമ്പത്തികസഹായം നിലയ്ക്കുന്നതോടൊപ്പം ഒളിമ്പിക്‌സ് കമ്മിറ്റി യോഗങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് പങ്കെടുക്കാനുമാവില്ല. 2014ലെ ഏഷ്യന്‍ ഗെയിംസും 2016ലെ ഒളിമ്പിക്‌സും ലക്ഷ്യമിട്ട് നടത്തുന്ന പരിശീലനപരിപാടികള്‍ക്കും വിലക്ക് തിരിച്ചടിയാവും.

അതേസമയം ഒളിമ്പിക് സമിതിയുടെ തിരുമാനത്തിനെതിരെ ഇന്ത്യന്‍ അസോസിയേഷന് ലോക കായികക്കോടതിയെ സമീപിക്കാം. അതിനിടെ, വിലക്ക് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഐ.ഒ.എ. നിയുക്തപ്രസിഡന്റ് വി.കെ.മല്‍ഹോത്ര അറിയിച്ചു.

We use cookies to give you the best possible experience. Learn more