ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെന്‍ഷന്‍
national news
ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 11:54 am

ന്യൂദല്‍ഹി: ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ട്രയല്‍സില്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. മാര്‍ച്ച് 10ന് സാമ്പിള്‍ നല്‍കാനാണ് ഏജന്‍സി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബജ്‌റംഗ് പൂനിയ അതിന് തയ്യാറായിരുന്നില്ലെന്നും പിന്നീട് ഇത് സംബന്ധിച്ച് ഏജന്‍സി നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയില്ലെന്നുമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി വ്യക്തമാക്കുന്നത്.

തുടര്‍ന്നാണ് ഇപ്പോള്‍ ബജ്‌റംഗ് പൂനിയയെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ തുടരുകയാണെങ്കില്‍ അടുത്ത ഒളിമ്പിക്‌സിലടക്കം മത്സരിക്കുന്നതിന് ബജ്‌റംഗ് പൂനിയക്ക് തടസ്സമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാര്‍ച്ച് 10നാണ് സോളിപത്തില്‍ വെച്ച് ബജ്‌റംഗ് പൂനിയയും രോഹിത് കുമാറും തമ്മിലുള്ള ട്രയല്‍സ് നടന്നത്. ഇതില്‍ പൂനിയ പരാജയപ്പെടുകയും അതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥലത്ത് നിന്ന് അദ്ദേഹം പുറത്ത് പോകുകയും ചെയ്തിരുന്നു.

പിന്നാലെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ബജ്‌റംഗ് പൂനിയയുടെ സാമ്പിളുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സാമ്പിളുകള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് ഏപ്രില്‍ 13നാണ് ഏജന്‍സി പൂനിയക്ക് സാമ്പിളുകള്‍ നല്‍കാത്തത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ നോട്ടീസിനുള്ള മറുപടിയും അദ്ദേഹം നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.

സസ്‌പെന്‍ഷന്‍ തുടരുകയാണെങ്കില്‍ ഇനിയുള്ള ട്രയല്‍സുകളില്‍ പങ്കെടുക്കുന്നതിന് പൂനിയക്ക് തടസ്സമുണ്ടാകും. ഇത് അദ്ദേഹത്തിന്റെ ഒളിമ്പിക്‌സ് മത്സരത്തെയും ബാധിക്കും. റഷ്യയിലാണ് പൂനിയ ട്രയല്‍സുകളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനം നടത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഏജന്‍സിക്ക് സാമ്പിളുകള്‍ നല്‍കി പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. അങ്ങനെയങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തെ ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്മശ്രീ അടക്കമുള്ള അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിച്ച താരമാണ് ബജ്‌റംഗ് പൂനിയ. എന്നാല്‍ ഇപ്പോഴത്തെ സസ്‌പെന്‍ഷന് ഈ പ്രശ്‌നങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളില്ല.

മാത്രവുമല്ല സാമ്പിളുകള്‍ നല്‍കിയാല്‍ എപ്പോള്‍ വേണമെങ്കിലും ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സാധ്യതയുമുണ്ട്. എന്ത് കൊണ്ടാണ് സാമ്പിളുകള്‍ നല്‍കാതിരുന്നത് എന്ന് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് മുന്നില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി മറുപടി നല്‍കേണ്ടതുമുണ്ട്.

content highlights: Suspension for wrestler Bajrang Punia