| Friday, 25th August 2023, 11:15 am

ഫീസ് അടക്കാത്തതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂള്‍ ഫീസ് അടക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ച പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. തിരുവനന്തപുരം വെല്ലയമ്പലം ആല്‍ത്തറ ജങ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പലിന് തെറ്റ് പറ്റിയെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.

പരീക്ഷ ഹാളിലേക്ക് വന്ന പ്രിന്‍സിപ്പള്‍ ജയരാജ് ആര്‍. സ്‌കൂള്‍ മാസ ഫീസ് അടക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് തറയിലിരുത്തുകയായിരുന്നുവെന്ന് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫീസ് അടക്കാത്തത് അറിയില്ലെന്നും അച്ഛനോട് ചോദിക്കണമെന്നും പറഞ്ഞെങ്കിലും പ്രിന്‍സിപ്പള്‍ കേള്‍ക്കാതെ തറയിലിരുത്തുകയായിരുന്നുവെന്നും എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ അപമാനിച്ചതായി തോന്നിയെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ പിതാവ് കാര്യമന്വേഷിക്കാന്‍ വിളിപ്പിച്ചപ്പോള്‍ നല്ല തറയിലാണ് ഇരുത്തിയതെന്നാണ് മറുപടി നല്‍കിയതെന്ന് പിതാവ് പറയുന്നു. ‘ഞാന്‍ പ്രിന്‍സിപ്പലിനെ വിളിച്ചു. സാര്‍ ചെയ്തത് ശരിയാണോയെന്ന് ചോദിച്ചു. അപ്പോള്‍ നല്ല തറയാണ് കുഴപ്പമില്ലെന്ന് പരിഹസിക്കുകയാണ് ചെയ്തത്. ഇനി മറ്റൊരു കുട്ടിക്കും ഇതുണ്ടാകാന്‍ പാടില്ല, ഒത്തുതീര്‍പ്പിന് ഞാന്‍ തയ്യാറല്ല. മകനെ സ്‌കൂള്‍ മാറ്റുകയാണ്’ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
കുടുംബം വിവരം പുറത്ത് പറഞ്ഞതോടെ കുട്ടിയുടെ അച്ഛനെ വിളിച്ച് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രിന്‍സിപ്പളാണ് തെറ്റ് ചെയ്തതെന്നും ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

Content Highlights: Suspension for the principal  who tortored student for not paying fees

We use cookies to give you the best possible experience. Learn more