തിരുവനന്തപുരം: മലയാളിയായ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദത്തില്‍ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിന് സസ്പെന്‍ഷന്‍.
അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യമായ അധിക്ഷേപത്തില്‍ എന്‍. പ്രശാന്ത് ഐ.എ.എസിനെയും സസ്പെന്‍ഡ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി. പെരുമാറ്റ ചട്ടലംഘനം നടന്നുവെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.
അഡീ. ചീഫ് സെക്രട്ടറി ജയതിലകനെതിരായ അധിക്ഷേപത്തിലാണ് എന്‍. പ്രശാന്തിനെതിരായ നടപടി. ജയതിലകിനെ മനോരോഗി എന്ന് വിളിച്ചാണ് എന്‍. പ്രശാന്ത് അധിക്ഷേപിച്ചത്.
പ്രശാന്തിന്റെ പ്രതികരണം ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഇന്നും അദ്ദേഹം വിമര്‍ശനം തുടരുകയായിരുന്നു. കള പറിക്കല്‍ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു പ്രശാന്തിന്റെ ഇന്നത്തെ പ്രതികരണം.
അതേസമയം മല്ലു ഗ്രൂപ്പ് വിവാദത്തില്‍ മൊബൈല്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.
എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗിളും മെറ്റയും അറിയിച്ചതിന് പിന്നാലെയായിരുന്നു സ്ഥിരീകരണം.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ നിര്‍മിക്കപ്പെട്ട ഗ്രൂപ്പില്‍ സര്‍വീസിലെ മുതിര്‍ന്ന ഓഫീസര്‍മാരും അംഗങ്ങളായിരുന്നു.
ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ട ചില ഓഫീസര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കെ. ഗോപാലകൃഷ്ണന്‍ ഗ്രൂപ്പ് ഡിലീറ്റ് ആക്കുകയും തുടര്‍ന്ന് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവരെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
Content Highlight: Suspension for N. Prashanth and K. Gopalakrishnan