തിരുവനന്തപുരം: കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാറിനും ശിവദാസന്‍ നായര്‍ക്കുമെതിരെ അച്ചടക്ക നടപടിയുമായി കെ.പി.സി.സി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയ അന്തിമ പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തത്.
തങ്ങളുടെ ഇഷ്ടക്കാരെ പട്ടികയില്‍ തിരുകി കയറ്റിയെന്ന് ആരോപിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാറും ശിവദാസന്‍ നായരും ഡി.സി.സി ഭാരവാഹി പട്ടികയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇക്കാരണത്താലാണ് ഇരുവര്‍ക്കുമെതിരെ കെ.പി.സി.സി അച്ചടക്ക നടപടി സ്വീകരിച്ചത്.
കെ. സുധാകരന്റെയും വി. ഡി. സതീശന്റെയും ഇഷ്ടക്കാരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തിപ്പെടുമെന്ന സൂചനയാണ് പട്ടികയിലെ പേരുകള്‍ നല്‍കുന്നത്. അതോടൊപ്പം ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കുന്നതാണ് പുറത്തു വന്ന പട്ടിക.
ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ടാണ് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങിയത്. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്.
പട്ടികയില്‍ സ്ത്രി പ്രാതിനിധ്യം ഉണ്ടാകുമെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നങ്കിലും ഒരൊറ്റ സ്ത്രീ പോലും പട്ടികയിലില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയ അന്തിമ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഡി.സി.സി അധ്യക്ഷന്മാര്‍
തിരുവനന്തപുരം – പാലോട് രവി
കൊല്ലം – രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍
ആലപ്പുഴ – ബാബു പ്രസാദ്
കോട്ടയം – നാട്ടകം സുരേഷ്
ഇടുക്കി – സി. പി. മാത്യു
എറണാകുളം – മുഹമ്മദ് ഷിയാസ്
തൃശൂര്‍ – ജോസ് വള്ളൂര്‍
പാലക്കാട് – എ. തങ്കപ്പന്‍
മലപ്പുറം – വി. എസ്. ജോയി
കോഴിക്കോട് – കെ. പ്രവീണ്‍കുമാര്‍
വയനാട് – എന്‍. ഡി. അപ്പച്ചന്‍
കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍ഗോഡ് – പി. കെ. ഫൈസല്‍