| Monday, 16th March 2020, 9:21 am

മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍; അജണ്ടയില്‍ ഉള്‍പ്പെടുത്താതെ സ്പീക്കര്‍; കൊവിഡ് കോണ്‍ഗ്രസിന്റെ തന്ത്രമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തില്‍. തീരുമാനം സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശമെങ്കിലും സഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൊവിഡ് നിരക്ഷണത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു. ബെംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് കോണ്‍ഗ്രസ് വാദം. കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശചെയ്തിരുന്നു. വിശ്വാസവോട്ടെടുപ്പ് നീട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിതെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, ബി.ജെ.പി ഇതുവരെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നല്‍കിയിട്ടില്ല. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിശ്വാസ വോട്ട് തേടാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജയ്പൂരില്‍ തങ്ങിയിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഭോപ്പാലിലേക്ക് തിരികെ വന്നിരുന്നു. അവരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

സംസ്ഥാന ആരോഗ്യമന്ത്രി തരുണ്‍ ഭാനട്ട് അവരെ പരിശോധിക്കാനായി ഒരു സംഘം ഡോക്ടര്‍മാരെ ഹോട്ടലിലേക്ക് അയച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more