ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആംആദ്മി പ്രവര്‍ത്തകന്‍ താഹിര്‍ ഹുസൈന്‍ കോടതിയില്‍ കീഴടങ്ങാനെത്തി. എന്നാല്‍ ദല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതി താഹിറിന്റെ കീഴടങ്ങല്‍ അപേക്ഷ തള്ളി. തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍, താഹിനെ കസ്റ്റഡിയിലെടുത്തത് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. തന്റെ അധികാര പരിധിയിലിള്ളതല്ലെന്ന് കാണിച്ചാണ് കോടതി താഹിര്‍ ഹുസൈന്റെ കീഴടങ്ങല്‍ അപേക്ഷ തള്ളിയത്.
ദല്‍ഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് താഹിര്‍ ഹുസൈന് മേല്‍ ആരോപിക്കപ്പെടുന്നത്. ആരോപണത്തെത്തുടര്‍ന്ന് താഹിര്‍ ഹുസൈനെ ആംആദ്മി പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെയായിരുന്നു നടപടി. താഹിറിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പെട്രോള്‍ ബോംബുകളും മറ്റും കണ്ടെത്തിയിരുന്നു.
താന്‍ നിരപരാധിയാണെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും വ്യക്തമാക്കി താഹിര്‍ ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ താനും ഇരയാണെന്നായിരുന്നു അദ്ദേഹം വീഡിയോയില്‍ പറഞ്ഞത്. ആരോപണത്തിന് പിന്നില്‍ അശ്ലീലമായ രാഷ്ട്രീയമാണ്. കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട അങ്കിത് ശര്‍മയുടെ സഹോദരനാണ് കൊലയ്ക്ക് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന ആരോപണം ഉന്നയിച്ചത്. കലാപകാരികള്‍ക്ക് താഹിര്‍ വീട്ടില്‍ അഭയം നല്‍കിയെന്നും അവരാണ് കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചതെന്നും സഹോദരന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ