മണ്ണൂത്തി: തൃശൂരില്‍ മൂന്നിടങ്ങളിലായി എ.ടി.എം കൊള്ളയടിച്ച പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാമക്കലില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു.
കവര്‍ച്ചയ്ക്ക് ശേഷം പന്നിയങ്കര ടോള്‍ പ്ലാസയില്‍ എത്തുന്നതിന് മുന്നോടിയായി പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു കണ്ടെയ്‌നറില്‍ കയറ്റിയാണ് സംഘം ജില്ല വിട്ടത്. തുടര്‍ന്ന് നാമക്കലില്‍ വെച്ച് കണ്ടെയ്‌നര്‍ മറ്റു വാഹനങ്ങളില്‍ ഇടിക്കുകയും പിന്നാലെ നാട്ടുകാരുമുണ്ടായ തര്‍ക്കത്തില്‍ പൊലീസ് ഇടപെടുകയുമായിരുന്നു.
ഇതിനുപിന്നാലെ നടന്ന പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളില്‍ പ്രതികളും 65 ലക്ഷം രൂപയടങ്ങുന്ന ബാഗുകളും ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. നിലവിൽ കാറും പ്രതികളുടെ പക്കലുണ്ടായിരുന്ന തോക്ക് ഉൾപ്പെടെയുള്ള ആയുധനങ്ങളും തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ടെയ്‌നറിനുള്ളില്‍ ഡ്രൈവറടക്കം ഏഴ് പേരാണ് ഉണ്ടായിരുന്നത്. പിടിയിലായ ആറ് പേരും ഹരിയാന സ്വദേശികളാണ്.
പൊലീസുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയുണ്ടായി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെഎസ്.ബി.ഐ എ.ടി.എമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാല് മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എം തകര്‍ത്തിരിന്നത്.
മാപ്രാണത്തെ എ.ടി.എമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊര്‍ണൂര്‍റോഡിലെ എ.ടി.എമ്മില്‍ നിന്ന് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നായിരുന്നു വിവരം.
കൊള്ളയടിക്കലിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് തൃശൂര്‍ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച മെസേജിലൂടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
Content Highlight: Suspects who robbed ATMs in three places in Thrissur arrested