മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ പിടിയില്‍. ഗുജറാത്തിലെ ബുജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. പ്രതികളെ മുംബൈയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബൈക്കില്‍ എത്തിയ അക്രമി സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് റൗണ്ടോളം വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
നേരത്തെ ഗുണ്ടാതലവന്‍ ലോറണ്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി ഉള്ളതിനാല്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ വസതിക്ക് സമീപം സുരക്ഷയും പരിശോധനകളും വര്‍ധിപ്പിച്ചതായും പൊലീസ് പറഞ്ഞു.
അതേസമയം അടുത്തിടെ മഹാരാഷ്ട്രയില്‍ വര്‍ധിച്ച് വരുന്ന വെടിവെപ്പുകളും മറ്റ് അക്രമ സംഭവങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവെപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്ന് സുപ്രിയ സുലെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
Content Highlight: Suspects arrested in case of shooting at Bollywood star Salman Khan’s residence