| Sunday, 18th August 2024, 10:54 pm

ഉത്തരാഖണ്ഡില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഡെറാഡൂണിലെ ഉത്തരാഖണ്ഡ് റോഡ്‌വെ ബസില്‍ വെച്ച് അഞ്ച് പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭാരതീയ ന്യായ സംഹിതയിലെ 70 (2), പോക്സോ നിയമത്തിലെ 5ജി/6 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭഗവാന്‍പൂരില്‍ നിന്നുള്ള ബസ് ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. അതേ ബസിലെ മറ്റൊരു ഡ്രൈവര്‍, ക്ലീനര്‍, സ്വീപ്പര്‍, കാഷ്യര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

ധര്‍മേന്ദ്രകുമാര്‍ (32), ദേവേന്ദ്ര (52), രവികുമാര്‍ (34), രാജ്പാല്‍ (57), രാജേഷ് കുമാര്‍ സോങ്കര്‍ (38) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 12ന് തലസ്ഥാനനഗരിയായ ഡെറാഡൂണിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ വെച്ചാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നിവാസിയായ പെണ്‍കുട്ടി ദല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡില്‍ എത്തിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

ബസ് ടെര്‍മിനലിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് ഡെറാഡൂണ്‍ എസ്.എസ്.പി അജയ് സിങ് അറിയിച്ചു. ആക്രമണം നേരിട്ട സ്ഥലം വ്യക്തമായില്ലെന്നും അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തുടനീളമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഉത്തരാഖണ്ഡില്‍ നിന്ന് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഓഗസ്റ്റ് ഒമ്പതിനാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കൊളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂര പീഡനത്തിന് വിധേയമായതായി കണ്ടെത്തിയിരുന്നു. ഡോക്ടറുടെ കൊലപാതകത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Content Highlight: Suspects arrested for assaulting 15-year-old girl in Uttarakhand

We use cookies to give you the best possible experience. Learn more