| Sunday, 13th February 2022, 10:59 pm

ബാബു കുടുങ്ങിയ ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറിയതായി സംശയം; മലയ്ക്ക് മുകളില്‍ നിന്ന് ഫ്ളാഷ് ലൈറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ബാബു കുടുങ്ങിയ പാലക്കാട് ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറിയതായി സംശയം. മലയുടെ മുകള്‍ ഭാഗത്തുനിന്ന് ഫ്ളാഷ് ലൈറ്റുകള്‍ തെളിയുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടങ്ങി. നിരോധിത വനമേഖലയാണ് ഇത്.

മുകളിലെത്തിയവരെ സുരക്ഷിതരായി താഴെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വനംവകുപ്പും നാട്ടുകാരും ഇവിടെ എത്തിയിട്ടുണ്ട്. മുകളിലുള്ളവര്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. അല്‍പ്പ സമയത്തിനകം താഴേക്ക് എത്തുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും കരുതുന്നത്.

അതേസമയം, ബാബുവിനെ പുറത്തെത്തിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെവലാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്ക്. കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ സംഘങ്ങള്‍, എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരക്കോടി രൂപയാണ്. മറ്റ് ചിലവുകള്‍ കണക്കാക്കിവരുമ്പോഴേക്കും ചെലവായ തുക മുക്കാല്‍കോടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ചവരെ ജില്ലയിലെ അഞ്ഞൂറോളം പൊലീസുകാരുടെ സേവനം പൂര്‍ണമായും ഉപയോഗിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്ന് നാല്‍പത് പേരടങ്ങുന്ന ഫയര്‍ഫോഴ്‌സ് സംഘം, തണ്ടര്‍ബോള്‍ട്ടിന്റെ 21 അംഗ സംഘം, എന്‍.ഡി.ആര്‍.എഫിന്റെ 25പേരുള്ള രണ്ട് യൂനിറ്റ്, വിവിധ സന്നദ്ധ സംഘടനകള്‍, അമ്പതിലേറെ നാട്ടുകാര്‍ എന്നിവര്‍ നാല്‍പ്പത്തിയഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

കരസേനയുടെ മദ്രാസ് റജിമെന്റല്‍ സെന്ററിലെ ഒമ്പതംഗ സംഘം റോഡ് മാര്‍ഗം സ്ഥലത്തെത്തി. ബംഗലൂരുവില്‍ നിന്നുള്ള 21 പേരടങ്ങുന്ന പാരാ കമാന്റോസ് കോയന്പത്തതൂര്‍ സൂലൂര്‍ സൈനിക താവളത്തിലിറങ്ങി റോഡ് മാര്‍ഗം മലമ്പുഴയിലെത്തി.

കോസ്റ്റ്ഗാര്‍ഡിന്റെയും സൂലൂര്‍ വ്യാമതാവളത്തിലെയും ഹെലികോപ്റ്ററുകളും രക്ഷാ ദൗത്യത്തിന് ഉപയോഗിച്ചു. ഒരു വ്യക്തിയുടെ രക്ഷാ പ്രവര്‍ര്‍ത്തനത്തിന് മാത്രം ഇത്രയധികം തുക ഖജനാവിന് ചെലവഴിക്കേണ്ടി വന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്.

CONTENT HIGHLIGHTS: suspected that people have climbed Palakkad Cherat hill again

We use cookies to give you the best possible experience. Learn more