പത്തനംതിട്ട: ഇലന്തൂര്‍ നരബലിയില്‍ ഇരകളുടെ ബോഡിയിലെ പ്രധാന ചില അവയവങ്ങള്‍ കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്. .കൊല്ലപ്പെട്ട റോസ്‌ലിയുടെ മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ല. മസ്തിഷ്‌ക്കം രണ്ടായി മുറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മനുഷ്യ ശരീരത്തിന്റെ അവസ്ഥ കൃത്യമായി പഠിച്ച ശേഷമാണ് അവയവങ്ങള്‍ വെട്ടിമാറ്റിയതെന്നും പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളാണ് നിലവില്‍ പുറത്തുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭഗവല്‍ സിങിന്റെ വീട്ടില്‍ കനത്ത പൊലീസ് സുരക്ഷയില്‍ പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. പത്മയെയും റോസിലിയെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇന്നലെയും പ്രതികളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ച് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു.
കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങള്‍, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്.
അതേസമയം, സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മകന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.
മൃതദേഹം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായം വേണം. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു.
CONTENT HIGHLIGHTS: Suspected that Ilantur tried to sell the organs of the human sacrifice victims