തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എസ് ആശയങ്ങള്‍ക്ക് സഹായകമായി പ്രചരിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച സിറിയന്‍ പണ്ഡിതന്‍ അഹ്മദ് ഇബ്രാഹിം മുഹമ്മദ് ദിമശ്ഖി രചിച്ച പുസ്തകം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ.
ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് മുമ്പ് പുസ്തകം നിരോധിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്. ‘വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍’ (മശാരിഉല്‍ അശ്വാഖ് ഇലാ മസ്വാരിഇല്‍ ഉശ്ശാഖ് വ മുസീറുല്‍ ഗറാം ഇലാ ദാറിസ്സലാം) എന്ന പുസ്തകമാണ് നിരോധിക്കാന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നതിന് ഈ പുസ്തകം കാരണമാകുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഡി.ജി.പി സര്‍ക്കാരിനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
ഇതിനെ തുടര്‍ന്ന് പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. പി.ആര്‍.ഡി ഡയറക്ടര്‍, ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജി, ഡോ. എന്‍.കെ.ജയകുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
പതിനഞ്ചാം നൂറ്റാണ്ടില്‍ എഴുതിയെന്ന് കരുതുന്ന ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇന്റര്‍നെറ്റില്‍ സൗജന്യമാണ്. അതേസമയം പുസ്തകത്തിന്റെ മലയാള പതിപ്പാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജൂലായ് 21 നാണ് ഡി.ജി.പി ഇതുസംബന്ധിച്ച് ഡി.ജി.പി ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. രക്തസാക്ഷിത്വം, ജിഹാദിന്റെ ചരിത്രം, ധൈര്യം തുടങ്ങി 17 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.
ബര്‍മിങ്ഹാമിലെ മക്തബ ബുക്ക് സെല്ലേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Suspected of helping to spread IS ideas; DGP’s recommendation to ban the book