അബുദാബി സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
World News
അബുദാബി സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th January 2022, 5:14 pm

അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ നടന്ന സ്‌ഫോടനത്തിലും തീപിടിത്തത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആറ് പേര്‍ക്ക് പരിക്കേറ്റതായും അബുദാബി പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച യു.എ.ഇയിലെ അബുദാബിയില്‍ രണ്ടിടങ്ങളിലായാണ് സ്‌ഫോടനം നടന്നത്. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.

അബുദാബി രാജ്യാന്തര വിമാനത്താവളത്തിനടുത്തും മുസഫ എന്ന പ്രദേശത്തുമായിട്ടാണ് സ്ഫോടനം നടന്നത്.

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലായിരുന്നു തീപിടിത്തമുണ്ടായത്. മുസഫയില്‍ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ക്ക് നേരെയാണ് സ്ഫോടനമുണ്ടാവുകയായിരുന്നു.

മുസഫയിലുണ്ടായ സ്ഫോടനത്തിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാനിയുമാണെന്ന് അബുദാബി പൊലീസ് അറിയിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനങ്ങള്‍ക്ക് കാരണം ഡ്രോണ്‍ ആക്രമണമാകാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇന്ധന ടാങ്കറുകള്‍ക്ക് തീപിടത്തമുണ്ടായതായി അബുദാബി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇറാന്റെ പിന്തുണയോട് കൂടി യെമനില്‍ പ്രവര്‍ത്തിക്കുന്ന വിമതസംഘമാണ് ഹൂതി വിമതര്‍.

എന്നാല്‍ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നില്‍ എന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ തീയണക്കുന്നതിന് വേണ്ട നടപടികളും തുടരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Suspected Houthi drone attack in UAE Abu Dhabi kills 3, wounds 6