ന്യൂദല്‍ഹി: അമീര്‍ഖാന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയായ “സത്യമേവ ജയതേ”യില്‍ പങ്കെടുത്ത് ദുരഭിമാന കൊലയെ കുറിച്ച് സംസാരിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി.അബ്ദുല്‍ ഹക്കിം എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്.[]
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ പരസ്പരം വിവാഹിതരായ തങ്ങളുടെ ജീവന് ഭീഷണിയുള്ളതായി അഞ്ച് മാസം മുമ്പ് പരിപാടിയില്‍ പങ്കെടുത്ത് അബ്ദുല്‍ ഹക്കിം പറഞ്ഞിരുന്നു. ഭാര്യയുടെ സഹോദരങ്ങള്‍ ഹക്കീമിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളുള്ള മുസ്‌ലിം കുടുംബങ്ങളിലെ അബ്ദുല്‍ ഹക്കിം, മെഹ്വിഷ് എന്നിവര്‍ വിവാഹിതാരായതിനുശേഷം ദല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണയില്‍ ഇവര്‍ കഴിഞ്ഞ മെയ് അഞ്ച് മുതലാണ് ദല്‍ഹിയില്‍ താമസമാക്കിയത്.
ബുലന്‍ധഷര്‍ ജില്ലയിലെ അഡോലി ഗ്രാമത്തില്‍ അസുഖ ബാധിതയായി കഴിയുന്ന യുവാവിന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ ഹക്കീമും ഭാര്യയും രണ്ടാഴ്ച മുമ്പ് പോയിരുന്നു. ഈ സമയത്ത് മെഹ്വിഷ് ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. ഇവിടുത്തെ പ്രദേശിക പൊലീസ് സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ഹക്കീമിന് വെടിയേറ്റത്.
അഡോലി ഗ്രാമത്തിലെ അയല്‍വാസികളായിരുന്ന ഇവര്‍ 2009 ജൂണിലാണ് രഹസ്യമായി വിവാഹം ചെയ്തത്. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഗ്രാമത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഫക്കീര്‍ സമുദായത്തിലെ ഹക്കീമുമായുള്ള വിവാഹബന്ധത്തെ തന്റെ കുടുംബം എതിര്‍ത്തിരുന്നതായി മെഹ്വിഷ് വ്യക്തമാക്കി.
രണ്ട് വര്‍ഷം മുമ്പ് ഹക്കീമിന്റെ പിതാവിനെ മെഹ്വിഷിന്റെ കുടുംബം കൊലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊലീസ് റെക്കോര്‍ഡുകളില്‍ ഇത് ആത്മഹത്യയായാണ് രേഖപ്പെടുത്തിയത്. അവര്‍ ഞങ്ങളെ സാമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും, ഇപ്പോള്‍ അവരുടെ പ്രതികാരം പൂര്‍ത്തികരിച്ചതായും മെഹ്വിഷ് കഴിഞ്ഞ ദിവസം പറഞ്ഞു.
അതേസമയം, പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ദമ്പതികള്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നതായി അമീര്‍ഖാന്‍ ജയ്പ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിരുന്നില്ല. സംഭവം ലജ്ജിപ്പിക്കുന്നതും നിര്‍ഭാഗ്യകരവുമാണ്” അമീര്‍ വ്യക്തമാക്കി.
ദമ്പതികള്‍ ദല്‍ഹിയില്‍ താമസിക്കുന്ന പ്രദേശത്ത് ഉടലെടുത്ത വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഹക്കിമിന്റെ കൊലപാതകത്തില്‍ മെഹ്വിഷിന്റെ സഹോദരങ്ങള്‍ക്ക് പങ്കുള്ളതായി മെഹ്വിഷും ഇവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നു സന്നദ്ധ സംഘടനയും വ്യക്തമാക്കി.