തിരുവനന്തപുരം: 45 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ ടാങ്കില്‍ 49 ലിറ്റര്‍ ഇന്ധനമടിച്ചിട്ടും ഫുള്‍ടാങ്ക് ആവാത്തതിനെ തുടര്‍ന്നുള്ള വിവാദം അവസാനിക്കുന്നു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ അന്വേഷണത്തില്‍ പ്രശ്‌നം കാറിനാണ് എന്ന് കണ്ടെത്തിയതോടെയാണ് സംശയം ദുരീകരിക്കപ്പെട്ടത്.
തിരുവനന്തപുരം ഇന്‍ഫോസിസിന്റെ സമീപത്തെ കൊക്കൊ ആറ്റിപ്ര ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്ന് കാറില്‍ ഡീസല്‍ അടിച്ചതിന് ശേഷം സംശയം തോന്നിയ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം വിവാദമായത്.
സുഹൃത്തിന്റെ 40 ലിറ്റര്‍ ശേഷിയുള്ള കാറില്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാനാവശ്യപ്പെട്ടെങ്കിലും 49 ലിറ്റര്‍ മീറ്ററില്‍ കാണിച്ചിട്ടും ഫുള്‍ടാങ്ക് ആയില്ലെന്നാണ് സംശയത്തിന് കാരണം.
സംശയം ഉന്നയിച്ച് ഫേസ്ബുക്കില്‍ യുവാവ് പോസ്റ്റ് ഇട്ടതോടെ വിഷയം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് സമാന അനുഭവം പങ്കുവച്ച് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. ഈ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുമ്പോള്‍ മൈലേജ് കുറവ് അനുഭവപ്പെടുന്നു എന്ന് നിരവധിപേര്‍ ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു.
എന്നാല്‍, സംശയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് തനിക്കെതിരെ ഭീഷണി ഉയര്‍ന്നെന്നും യുവാവിന്റെ ആരോപണമുണ്ടായിരുന്നു.
തുടര്‍ന്ന് ഐ.ഒ.സിയില്‍ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് പമ്പും കാറും പരിശോധനയ്ക്ക് വിധേയമാക്കിയത്. പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.
Read | പോളിങ് ശതമാനം 57 കടന്നു; കര്‍ണാടകയില്‍ ജനവിധിയെ ഉറ്റുനോക്കി ബി.ജെ.പിയും കോണ്‍ഗ്രസും
പരിശോധനക്കൊടുവില്‍ 52.14 ലിറ്റര്‍ ഇന്ധനം വാഹനത്തില്‍ നിറയ്ക്കാന്‍ കഴിയുമെന്നു തെളിഞ്ഞു. കാറിന്റെ ഇന്ധന സംഭരണശേഷി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതിനേക്കാള്‍ കുടുതലാണെന്നു പരാതിക്കാരനു ബോധ്യപ്പെട്ടു. സംശയത്തിന്റെ സത്യാവസ്ഥ മനസിലാക്കിയതോടെ എസ്.ഐയുടെ നിര്‍ദേശപ്രകാരം അനീഷ് ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
പോസ്റ്റിലൂടെ കൊകൊ ആറ്റിപ്ര പമ്പിനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയ സുഹൃത്തുക്കളെ,
ഈ കഴിഞ്ഞ ദിവസം ഞാൻ ഫേസ്ബുക്കിലൂടെ എന്റെ സുഹൃത്തിന്റെ ഹ്യൂണ്ടായ് എലൈറ്റ് i20 (ഫേസ്ലിഫ്റ്റ് മോഡൽ) കാറിന്റെ 40 ലിറ്റർ ടാങ്കിൽ 49 ലിറ്റർ ഡീസൽ അടിച്ചതിനെപ്പറ്റി സംശയം പ്രകടിപ്പിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ, ലീഗൽ മീറ്ററോളജി അധികൃതർ, പോലീസ്, പ്രതിധ്വനി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഇന്നേ ദിവസം പമ്പിൽ വെച്ചു നടത്തിയ പരിശോധനയിൽ എന്റെ സംശയം ദുരീകരിച്ചു. അതേ വാഹനത്തിൽ പമ്പിൽ എത്തിയ ശേഷം ഒരു മെക്കാനിക്കിന്റെ സഹായത്തോടെ ടാങ്കിൽ ഉണ്ടായിരുന്ന ഇന്ധനം പൂർണമായും ട്രയിൻ ഔട്ട് ചെയ്ത ശേഷം ഇന്ധനം നിറച്ചപ്പോൾ 52.14 ലിറ്ററോളം നിറക്കുവാൻ കഴിഞ്ഞു. ഇതു കാർ കമ്പനിക്കാർ പറഞ്ഞതും പലതവണ അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞതുമായ 40 ലിറ്ററിനെക്കാൾ 12 ലിറ്ററോളം കൂടുതൽ ആണ്. ആയതിനാൽ ഞാൻ മുൻപു ഇട്ടിരുന്ന പോസ്റ്റ് പിൻവലിക്കുകയും അതു മൂലം കൊകൊ ആറ്റിപ്ര പമ്പിനും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ഈ വിഷയത്തിൽ എനിക് പിന്തുണ നൽകിയ സോഷ്യൽ മീഡിയ, പ്രതിധ്വനി ഭാരവാഹികൾ, കേരള പൊലീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ലീഗൽ മീറ്ററോളജി ഡിപാർട്മെന്റ്,കോകോ ആറ്റിപ്ര പമ്പ് മാനേജ്മെന്റ്, മറ്റെല്ലാ സുഹൃത്തുകൾക്കും ഞാൻ നന്ദി അറിയിക്കുന്നു.