മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തകര്‍പ്പന്‍ പ്രകടനവുമായി തിയേറ്ററുകളില്‍ തുടരുകയാണ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ പോര്‍ഷനായിരുന്നു ടിക്രി വില്ലേജും പവന്‍ ഭായിയും. പവന്‍ ഭായിക്കൊപ്പം തന്നെ അയാളുടെ ഭാര്യ കഥാപാത്രത്തെയും പ്രേക്ഷകര്‍ മറക്കാനിടയില്ല. അത്രക്കും തീവ്രതയാര്‍ന്ന പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്.
ബംഗാളി നടി സു്‌സ്മിത സുറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. കണ്ണൂര്‍ സ്‌ക്വാഡിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം മറ്റൊരു മലയാളം സിനിമയില്‍ കൂടി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് സുസ്മിത. രണ്ടാമത്തെ ചിത്രത്തില്‍ നടനും സംവിധായകനുമായ ദിലീഷ് പോത്തനൊപ്പമാണ് സുസ്മിത അഭിനയിക്കുന്നത്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ രണ്ടാമത്തെ ചിത്രത്തെ പറ്റി സുസ്മിത സംസാരിച്ചത്.
‘ഈ മാസം അവസാനം ഞാന്‍ അഭിനയിച്ച ഒരു മലയാളം സിനിമ കൂടി റിലീസ് ചെയ്യുന്നുണ്ട്. മനസാ വാചാ എന്നാണ് ആ സിനിമയുടെ പേര്. ദിലീഷ് പോത്തന്‍ സാറിന്റെ ഭാര്യയായിട്ടാണ് അതില്‍ ഞാന്‍ അഭിനയിക്കുന്നത്. ശ്രീകുമാര്‍ എന്നാണ് ആ സിനിമയുടെ സംവിധായകന്റെ പേര്. അതില്‍ ഞാന്‍ മലയാളം സംസാരിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് വരുന്ന ഒരു കഥാപാത്രമാണ്. മലയാളിയെ വിവാഹം കഴിച്ചു കേരളത്തില്‍ ജീവിക്കുന്ന മുംബൈക്കാരിയായാണ് ഞാന്‍ അതില്‍ അഭിനയിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ട് കഴിഞ്ഞ ഉടനെയാണ് ഈ അവസരം ലഭിച്ചത്,’ സുസ്മിത പറഞ്ഞു.
കണ്ണൂര്‍ സ്‌ക്വാഡിലേക്ക് എത്തിയതിനെ പറ്റിയും സുസ്മിത സംസാരിച്ചു. ‘ചെറുപ്പം മുതല്‍ തന്നെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. കഴിഞ്ഞ ആറ് വര്‍ഷമായി മുംബൈയില്‍ തിയേറ്ററും സിനിമയുമായി പോവുകയാണ്. മുംബൈയില്‍ വച്ചാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കാസ്റ്റിങ് കോള്‍ ഞാന്‍ കാണുന്നത്. കാണുന്ന കാസ്റ്റിങ് കോളിനെല്ലാം പ്രൊഫൈല്‍ അയക്കുന്നത് പോലെ അതിനും പ്രൊഫൈല്‍ അയച്ചു. ഓഡിഷന് പോയപ്പോള്‍ റോബി സാറും (റോബി വര്‍ഗീസ് രാജ്) ഉണ്ടായിരുന്നു. എനിക്കൊപ്പം ആ ഓഡിഷനില്‍ അഞ്ചാറ് പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. കഥയും സാഹചര്യവും സാര്‍ വിശദീകരിച്ച് തന്നു. പറഞ്ഞത് ഞാന്‍ അഭിനയിച്ചു കാണിച്ചു. അതിനുശേഷം ഞാന്‍ ആ ഓഡിഷനെ പറ്റി മറന്നുപോയിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം അവരെന്നെ സെലക്ട് ചെയ്തു എന്ന് അറിയിച്ചു വിളിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.
സെറ്റില്‍ ചെന്ന് മേക്കപ്പ് ചെയ്ത് ലുക്ക് മാറ്റിയ എന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ പേടിച്ചുപോയി. എന്നാല്‍ ഈ ലുക്ക് തന്നെ വേണമെന്ന് റോബി സാര്‍ പറഞ്ഞു. മലയാളം അറിയാത്തതിന്റെ ചില പ്രശ്നങ്ങള്‍ ഒക്കെ സെറ്റില്‍ നേരിട്ടിരുന്നു. എങ്കിലും എനിക്ക് ചില വാക്കുകളൊക്കെ കേട്ടാല്‍ മനസ്സിലാകും. ‘സുഖമാണോ’ ‘മനസ്സിലായോ’ എന്നിങ്ങനെ ചില വാക്കുകള്‍ ഒക്കെ എനിക്കറിയാം. പിന്നെ എന്റെ ഭര്‍ത്താവ് മലയാളിയാണ്. മാര്‍ട്ടിന്‍ എന്നാണ് പേര്. മരടാണ് അദ്ദേഹത്തിന്റെ സ്ഥലം. എന്‍.എസ്.ഡിയില്‍ എന്റെ ബാച്ച്മേറ്റ് ആയിരുന്നു അദ്ദേഹം.
സെറ്റില്‍ റോബിന്‍ സാര്‍ പറഞ്ഞത് അതുപോലെ ചെയ്യുകയായിരുന്നു ഞാന്‍. മുംബൈയില്‍ തിയേറ്ററില്‍ ഞങ്ങള്‍ റിയലിസ്റ്റിക് ആയിട്ടാണ് അഭിനയിക്കുന്നത്. അതേപോലെതന്നെ ഞാന്‍ ഷൂട്ടിനിടയിലും ചെയ്തു. എന്നാല്‍ റോബി സാര്‍ ഇനിയും കൂടുതല്‍ എനര്‍ജി വേണമെന്ന് എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. പിന്നീട് സിനിമയുടെ ഗ്രാഫ് എന്താണെന്ന് മനസിലായപ്പോഴാണ് കൂടുതല്‍ എനര്‍ജി ആവശ്യപ്പെട്ടതിന്റെ കാരണം എനിക്ക് മനസിലായത്,’ സുസ്മിത പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Susmitha sur is going to be a part of Dileesh Pothen’s movie after Kannur Squad