| Thursday, 30th January 2014, 2:58 pm

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുടെ എണ്ണം 12 ആക്കി. ഇതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.

സബ്‌സിഡി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കണമെന്ന എണ്ണ കമ്പനികളുടെ ആവശ്യം കമ്മറ്റി തള്ളുകയും ചെയ്തു.

ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അംഗീകരിച്ചു. തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം വന്നത്.

സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് എം.പി.മാരായ പി.സി. ചാക്കോ, സഞ്ജയ് നിരുപം, മഹാബല്‍ മിശ്ര എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന മുന്‍നിലപാട് മന്ത്രി തിരുത്തിയത്.

12 സിലിണ്ടറുകളില്‍ അധികം ആവശ്യമുള്ളവര്‍ക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കില്ല.പാചകവാതക കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ നിലപാടില്‍ തുടരുമെന്നാണ് അറിയുന്നത്.

5000 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.  സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതി താത്ക്കാലികമായി നിര്‍ത്തിവെക്കും. അടുത്ത മാസം ഒന്ന് മുതല്‍ അധിക സിലിണ്ടര്‍ ലഭിച്ചു തുടങ്ങും.

We use cookies to give you the best possible experience. Learn more