മുംബൈ: ബോളിവുഡ് താരം സുഷ്മിതാ സെന്‍ വെറുമൊരു താരം മാത്രമല്ല മറിച്ച് ഒരു ഐക്കണ്‍ കൂടിയാണ്. പരമ്പരാഗത രീതികളെ പൊളിച്ചെഴുതിയ സ്ത്രീ. സിംഗിള്‍ പാരന്റെന്ന നിലയിലും അവിവാഹിത എന്ന നിലയിലും ഒറ്റയ്ക്ക് ജീവിച്ച് കാണിച്ച് തന്ന സ്ത്രീ. മോഡലിംഗ് രംഗത്തും സാമൂഹ്യ സേവന രംഗത്തും സജീവവുമാണ് താരം.
വരുന്ന 19ാം തിയ്യതിയാണ് താരത്തിന്റെ ജന്മദിനം. പിറന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുന്ന സുഷ്മിത തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ വയറിന്റെ ചിത്രം പോസ്റ്റ് ചെയ്ത് താരം തന്റെ ഫിറ്റ്‌നസ് ട്രെയിനിംഗിനെ കുറിച്ച് ആരാധകരോട് സംസാരിക്കുകയും ചെയ്തു.
42ാം വയസിലും ഫിറ്റ് ആണെന്ന് ഉറപ്പു വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അതിന്റെ വയറിലെ അനാവശ്യ ഫാറ്റ് കുറയ്ക്കുന്ന ട്രെയിനിംഗുകളാണ് ചെയ്യുന്നതെന്നും താരം പറയുന്നു. ആരൊക്കെ പറ്റില്ലെന്ന് പറഞ്ഞാലും താന്‍ ചെയ്യാനുള്ളത് ചെയ്യുമെന്നും ഫിറ്റ് ആയിരിക്കുകയാണ് ലക്ഷ്യമെന്നും താരം പറയുന്നു.
പൊതുവെ ഇത്തരം ചിത്രങ്ങളോട് പ്രതികരിക്കാറ് സദാചാര കമ്മറ്റികളും സോഷ്യല്‍ മീഡിയയിലെ ഞരമ്പ് രോഗികളുമാണ്. എന്നാല്‍ സുഷ്മിതയെ തേടിയെത്തിയത് അഭിനന്ദനങ്ങളായിരുന്നു. താരത്തിന്റെ ഫിറ്റ്‌നസ് സ്പിരിറ്റിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം അവിവാഹിതയായ സുഷ്മിതയ്ക്ക് വിവാഹ ആലോചനയുമായി എത്തിയവരുമുണ്ട്.