മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിതാ സെന്‍ ഗ്രീസില്‍ അവധി അഘോഷിച്ചു മടങ്ങവെ ഏഥന്‍സ് വിമാനത്താവളത്തില്‍ വച്ച് അവരുടെ ബാഗേജ് മോഷ്ടാക്കള്‍ തട്ടിയെടുത്തു. സുസ്മിത ധരിച്ചിരുന്ന ജീന്‍സും ടീഷര്‍ട്ടും ഒഴികെ മറ്റെല്ലാം മോഷ്ടാക്കള്‍ കൈക്കലാക്കുകയായിരുന്നു. []
പ്രാദേശിക സമയം 1.05നാണ് സംഭവം നടന്നത്. ഗ്രീസില്‍ അവധിയാഘോഷിച്ചശേഷം മുംബൈയിലേക്ക് തിരിക്കാനായി സുസ്മിത ഏഥന്‍സ് എയര്‍പോര്‍ട്ടിലെത്തി. നാല് മണിക്കൂര്‍ നേരത്തെ സുസ്മിത എത്തിയിരുന്നു. ട്രോളിയും പിടിച്ചുകൊണ്ട് നടി പുറത്തിരിക്കുകയായിരുന്നു. അടുത്തിരുന്ന ആളോട് എന്തോ സംസാരിക്കാനായി തിരിഞ്ഞതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ട്രോളി കാലി. എട്ട് പത്തോ സെക്കന്റുകളില്‍ മോഷ്ടാക്കള്‍ പദ്ധതി നടപ്പിലാക്കി കടന്നു കളഞ്ഞു.
മോഷണം നടന്നെന്ന് മനസിലായപ്പോള്‍ താനാകെ ഞെട്ടിപ്പോയെന്ന് സുസ്മിത പറഞ്ഞു. “എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ല. കുറച്ചു കഴിഞ്ഞപ്പോഴാണ് സ്ഥലകാല ബോധം വന്നത്. ഞാന്‍ എന്റെ ഓഫീസിലേക്ക് വിളിച്ചു. എന്റെ സുഹൃത്ത് ഫറാ ഖാന്‍ അലിയെ വിളിക്കാന്‍ അവരോട് പറഞ്ഞു. അവള്‍ക്ക് ഗ്രീസില്‍ സുഹൃത്തുക്കളുണ്ടെന്ന കാര്യം അപ്പോള്‍ ഓര്‍മയില്‍ വന്നിരുന്നു. അവള്‍ എനിക്ക് എല്ലാ സഹായവും ചെയ്തു തന്നു” . സുസ്മിത പറഞ്ഞു.
ഏഥന്‍സിനുള്ള ഒരു സുഹൃത്തിനെ വിളിച്ച് ഫറാ കാര്യം പറഞ്ഞു. അവള്‍ നല്ലൊരു വക്കീലിനെ ഏര്‍പ്പാടാക്കി തന്നു. അവര്‍ ഉടന്‍ എയര്‍പോര്‍ട്ടിലെത്തി. അതിന് ശേഷമാണ് ഞാന്‍ പോലീസില്‍ പരാതിപ്പെട്ടത്. അവര്‍ എനിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കി തന്നു. അങ്ങനെയെനിക്ക് ഇന്ത്യയില്‍ തിരികെ വരാന്‍ സാധിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റും എല്ലാ സഹായവും ചെയ്തു തന്നു” നടി വ്യക്തമാക്കി.
പാസ്‌പോര്‍ട്ട്, യു.എസിലേയും യു.കെയിലേയും പത്ത് വര്‍ഷം കാലാവധിയുള്ള വിസ എന്നിവയും വസ്ത്രങ്ങളുമാണ് സുസ്മിതയ്ക്ക് നഷ്ടമായത്.
ഏഥന്‍സില്‍ ഇത്തരം കൊള്ളയടികള്‍ സാധാരണയാണെന്നാണ് സുസ്മിതയുടെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്.