| Monday, 26th September 2016, 8:00 pm

കാശ്മീര്‍ സ്വപ്‌നം കാണേണ്ട, ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം; യു.എന്നില്‍ പാക്കിസ്ഥാനെതിരെ സുഷമ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന് യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുഷമ സ്വരാജ് വ്യക്തമാക്കി. 


ന്യൂയോര്‍ക്ക്: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന് യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുഷമ സ്വരാജ് വ്യക്തമാക്കി.

ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങള്‍ക്കു ലോകത്തു സ്ഥാനമുണ്ടാകില്ല സുഷമ പറഞ്ഞു.

പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞായിരുന്നു സുഷമയുടെ പ്രസംഗം. കാശ്മീര്‍ പ്രശ്‌നം മാത്രം ഉയര്‍ത്തി പ്രസംഗിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുള്ള മറുപടി കൂടിയായിരുന്നു സുഷമയുടെ വാക്കുകള്‍.

കാശ്മീര്‍ ഇന്ത്യയുടേതാണ്. കാശ്മീര്‍ എക്കാലവും ഇന്ത്യയുടേതായിരിക്കും. കാശ്മീരിനെ ഇന്ത്യയില്‍നിന്ന് ആര്‍ക്കും വേര്‍പ്പെടുത്താനാകില്ല. കാശ്മീര്‍ എന്ന സ്വപ്നം പാക്കിസ്ഥാന്‍ ഉപേക്ഷിക്കണം. പാക്കിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോള്‍ തിരികെ കിട്ടിയത് ഭീകരതയാണെന്നും സുഷമ ആരോപിച്ചു.

ഉറി, പത്താന്‍കോട്ട് ഭീകരാക്രമണവും ബലൂചിസ്ഥാന്‍ വിഷയവും സുഷമ യു.എന്നില്‍ ഉന്നയിച്ചു. ഭീകരത മനുഷ്യാവകാശങ്ങളുടെ വലിയ ലംഘനമാണ്. ഭീകരവാദത്തിനും ഭീകരര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നത് ആരാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അഫ്ഗാനിസ്ഥാനില്‍ ഉന്നയിച്ചതും ഇതേ ചോദ്യമായിരുന്നു. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് ആരാണ്? സുഷമ ചോദിച്ചു.

ഭീകരവാദത്തെ വേരോടെ പിഴുതുകളയണം. മാനവികതയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ബലൂചിസ്ഥാനിലെ ക്രൂരതകളെക്കുറിച്ച് പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തണം. ഇതിനുള്ള ജീവിച്ചിരിക്കുന്ന തെളിവാണ് ബഹാദുര്‍ അലിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാകില്ല. ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലിംഗസമത്വവും അവസരസമത്വവും ഉറപ്പുവരുത്തണമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇതിനിടെ യു.എന്‍ പ്രസംഗത്തില്‍ സുഷമ സ്വരാജിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more