| Tuesday, 20th March 2018, 4:29 pm

'സുഷ്മ സ്വരാജിനെ എന്തിന് കുറ്റപ്പെടുത്തണം; അവര്‍ ശക്തമായ തെളിവിനായി കാത്തുനിന്നതാണ്': ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വി.കെ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി രാജ്യസഭയില്‍ പ്രസ്താവനയിറക്കിയ സുഷമ സ്വരാജിനെതിരെ വിമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

39 ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്രം വിലകല്‍പ്പിച്ചില്ലെന്നും മരണവിവരം സ്ഥിരീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്നും പ്രതിപക്ഷവും മരണപ്പെട്ടവരുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുഷ്മ സ്വരാജിന് പിന്തുണയുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് രംഗത്തെത്തി.

ശക്തമായ തെളിവ് ലഭിക്കുന്നതിന് വേണ്ടിയാണ് സുഷ്മ സ്വരാജ് കാത്ത് നിന്നതെന്നും അതുകൊണ്ടാണ് പ്രസ്താവന വൈകിയതെന്നും വി.കെ സിങ് പറഞ്ഞു.

എല്ലാത്തിനും അതിന്റേതായ സമയം എടുക്കും. ശക്തമായ ഒരു തെളിവ് ലഭിക്കാതെ ഇത്രയും പേരുടെ മരണം സ്ഥിരീകരിക്കാന്‍ ആവില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് സുഷ്മാ ജി അത് ഹോള്‍ഡ് ചെയ്തു വെച്ചത്.


Also Read പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആര്‍.എസ്.എസ് : രാഹുല്‍ഗാന്ധി


തെറ്റായ ഒരു പ്രസ്താവന നടത്തി ആരെയും തെറ്റിദ്ധരിപ്പിക്കരുത് എന്ന് മാത്രമാണ് കരുതിയത്. എല്ലാത്തിനേയും വിവാദമാക്കുക എന്നത് പ്രതിപക്ഷത്തിന്റെ രീതിയാണെന്നും വി.കെ സിങ് പറഞ്ഞു.

ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് രാജ്യസഭയില്‍ പ്രസ്താവന നടത്തിയത്.

ഐ.എസ് ഭീകരര്‍ 2014 ല്‍ മൊസൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ബീഹാര്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്. അടുത്തിടെ, കാണായായവരുടെ ബന്ധുക്കളില്‍നിന്നു ഡി.എന്‍.എ പരിശോധനകള്‍ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. പഞ്ചാബ് സ്വദേശികളാണ് മരിച്ചവരിലേറെയും.

ഭീകരരില്‍നിന്നു മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു.

ഒരു ആശുപത്രി നിര്‍മാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്.


Watch Doolnews Video

We use cookies to give you the best possible experience. Learn more