ന്യൂദല്‍ഹി: ഐ.എസ് ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. വൈദികനുമായി സംസാരിച്ച വിവരം സുഷമ സ്വരാജ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
ഇന്നലെയായിരുന്നു യെമനില്‍ ഐ.എസ് ഭീകരരുടെ തടവിലായിരുന്ന ടോം ഉഴുന്നാലില്‍ ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ മോചിതനായത്. മസ്‌ക്കറ്റിലെത്തിയ ഇദ്ദേഹം ഇന്നലെ തന്നെ റോമിലും എത്തിച്ചേര്‍ന്നിരുന്നു.
വിദേശ കാര്യ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട ടോം ഉഴുന്നാല്‍ തന്റെ മോചനത്തിനായി പ്രയത്നിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും നന്ദിയറിയിച്ചതായി സുഷമ ട്വിറ്ററില്‍ കുറിച്ചു.
“തന്റെ മോചനദൗത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാ മനുഷ്യരോടുമുള്ള നന്ദിയും കൃതജ്ഞതയും ടോം ഉഴുന്നാല്‍ പങ്കുവച്ചു. തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തി.” സുഷമ ട്വിറ്ററില്‍ കുറിച്ചു.
Fr Tom has spoken to me from Vatican. He profusely thanked the Government of India especially the Prime Minister for efforts to rescue him.
— Sushma Swaraj (@SushmaSwaraj) September 13, 2017
ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച ഒമാനും യെമനും ഇന്ത്യ നന്ദിയറിക്കുന്നതായും സുഷമ ട്വീറ്റ് ചെയ്തു. നേരത്തെ ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഒരു കോടി ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് രംഗത്തെത്തിയിരുന്നു. വൈദികനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്നും നയപരമായ ഇടപെടലിലൂടെയാണ് വൈദികന്റെ മോചനം സാധ്യമാക്കിയതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.