| Monday, 25th June 2018, 10:43 am

സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണം; ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിയുടെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതം മാറാതെ പാസ്പോര്‍ട്ട് നല്‍കില്ലെന്ന് നിലപാടെടുത്ത ലഖ്നൗവിലെ പാസ്പോര്‍ട്ട് ഓഫിസര്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ട്വിറ്ററില്‍ സൈബര്‍ ആക്രമണത്തിനു വിധേയമായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തനിക്കെതിരെ അധിക്ഷേപം പറയുന്ന ട്വീറ്റുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ഏതാനും ദിവസങ്ങളായി വിദേശത്തായിരുന്നെന്നും തന്റെ അസാന്നിധ്യത്തില്‍ ഇവിടെ സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

തിരിച്ചു വന്നപ്പോള്‍ ചിലരുടെ ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ ആ ട്വീറ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥനെതിരായ നടപടി പക്ഷപാതപരമാണെന്നും ഇസ്ലാം അനുകൂല നിലപാടാണ് മന്ത്രിയുടേതെന്നും ചൂണ്ടിക്കാട്ടിയാണ് ചില ട്വീറ്റുകള്‍. മതേതരത്വം കാട്ടാനായി നീതിപൂര്‍വ്വം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതിനാല്‍ സുഷമാ സ്വരാജിനെ അണ്‍ഫോളോ ചെയ്യുന്നതായി ഒരാള്‍ ട്വീറ്റ് ചെയ്തു.


Also Read  കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; മുഖ്യമന്ത്രിയെന്നത് ഭരണഘടന പദവിയാണ്; പീയുഷ് ഗോയലിനെതിരെ വിമര്‍ശനവുമായി ജി. സുധാകരന്‍


മുസ്ലിങ്ങളെ സഹായിക്കുന്നതും പാകിസ്ഥാനികള്‍ക്ക് വിസ നല്‍കുന്നതും ചൂണ്ടിക്കാട്ടിയാണ് ചിലരുടെ ആക്ഷേപങ്ങള്‍. സുഷമാ സ്വരാജ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതായും ട്വിറ്ററില്‍ മാത്രമാണ് മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെന്നും ചിലര്‍ ആരോപിച്ചു.

സുഷമയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. മന്ത്രിയുടെ മതേതരത്വ നിലപാടാണ് വിമര്‍ശകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിനും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.

അനസിനോട് ഹിന്ദു മതം സ്വീകരിക്കാന്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഈ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രിയെ ട്വീറ്റ് ചെയ്തു.

ഇതോടെയാണ് വികാസ് മിശ്രയെ സ്ഥലം മാറ്റിക്കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ ഉണ്ടായത്. കൂടാതെ ദമ്പതികളുടെ കുട്ടികള്‍ക്ക് പാസ്പോര്‍ട്ടിനായി പോലീസ് വെരിഫിക്കേഷന്‍ നടത്തേണ്ടതില്ലെന്നും മന്ത്രി ഉത്തരവിട്ടു. പിറ്റേദിവസം തന്നെ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more