ന്യൂദല്‍ഹി: ഭീകരവാദവും വെടിനിര്‍ത്തല്‍ ലംഘനവും അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാവില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിക്ക് മുമ്പാകെയാണ് പാകിസ്താനുമായുള്ള മത്സരങ്ങള്‍ പുനരാരംഭി്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയത്.
നിഷ്പക്ഷ വേദിയലും മത്സരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇരുരാജ്യങ്ങളിലെയും ജയിലില്‍ കഴിയുന്ന 70 വയസിന് മുകളിലുള്ളവരും സ്ത്രീകളും മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ പൗരന്മാരെ വിട്ടയക്കാനുള്ള നിര്‍ദേശം പാകിസ്ഥാന് മുന്നില്‍ വെച്ചതായും സുഷമാ സ്വരാജ് പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അവസാനിച്ചത്.
ക്രിക്കറ്റ് പരമ്പര നടക്കാത്തതിന് 70 മില്ല്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം ബി.സി.സി.ഐ നല്‍കണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 2014നും 2023നും ഇടയില്‍ 6 പരമ്പരകള്‍ കളിക്കുമെന്ന കരാര്‍ ഇരുബോര്‍ഡുകളും ഒപ്പിട്ടിരുന്നതായും പി.സി.ബി ആരോപിച്ചിരുന്നു.