ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ അക്കൗണ്ടില്‍ നിന്നും പുറത്തുവിട്ട ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
മൊസൂളില്‍ 39 ഇന്ത്യക്കാര്‍ കൊലചെയ്യപ്പെട്ടത് വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമ സ്വരാജ് പരാജയപ്പെട്ടതുകൊണ്ടല്ലേയെന്ന ചോദ്യം ഒപ്പീനിയന്‍ പോളായി വെച്ചായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.
പോളില്‍ 24 ശതമാനം പേര്‍ അതെ എന്ന് മറുപടി പറഞ്ഞപ്പോള്‍ 76 ശതമാനം പേരും അല്ല എന്നായിരുന്നു ഉത്തരം നല്‍കിയത്. ഇതോടെ സര്‍വേ നടത്തിയ കോണ്‍ഗ്രസ് അങ്കലാപ്പിലായി. ഒട്ടും വൈകാതെ തന്നെ സുഷമ സ്വരാജ് ട്വീറ്റ് റീട്വീറ്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ പോളിങ്ങില്‍ ബി.ജെ.പിക്കാര്‍ അട്ടിമറി നടത്തിയതാണെന്ന ആരോപണവുമായി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന രംഗത്തെത്തി. ബി.ജെ.പി കഠിനശ്രമത്തിലൂടെ പോളിങ് തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നെന്നും ഇതുകൊണ്ടൊന്നും 39 ഇന്ത്യന്‍ കുടുംബങ്ങളുടെ കണ്ണീരിന്റെ വില ഇല്ലാതാകുന്നില്ലെന്നുമായിരുന്നു അവരുടെ ട്വീറ്റ്.
ഇറാഖില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന വിവരം സുഷമ സ്വരാജ് രാജ്യസഭയിലാണ് വെളിപ്പെടുത്തിയത്. ഡി.എന്‍.എ പരിശോധന ഫലം വന്നതിന് പിന്നാലെയായിരുന്നു വിവരം പുറത്തുവിട്ടത്.
ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെതന്നെ അവരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന ഐ.എസ് ഭീകരരുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഹര്‍ജിത് മാസിഹ് എന്ന ഇന്ത്യക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് തന്നെ സുഷമ സ്വരാജ് ആ വാദം തള്ളുകയായിരുന്നു.
അന്ന് ഇതു സ്ഥിരീകരിക്കാന്‍ ആവശ്യമായ തെളിവുകളൊന്നും സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്നില്ലെന്നും എന്നാല്‍ മാസിഹിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്നുമായിരുന്നു അന്ന് സുഷ്മ സ്വരാജ് പറഞ്ഞിരുന്നത്.
38 മൃതദേഹങ്ങളും ആരുടേതാണെന്നു ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവസാന മൃതദേഹത്തിന് ഏഴുപതു ശതമാനത്തോളം സാമ്യം കണ്ടെത്താനും സാധിച്ചെന്നും സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞിരുന്നു.
Watch DoolNews Video