| Tuesday, 18th September 2018, 10:35 am

ഇന്ത്യന്‍ സൈന്യത്തെ കൊന്നുതള്ളാന്‍ നിര്‍ദേശം നല്‍കുന്ന പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തത് തെറ്റ്: സിദ്ദുവിനെ ശാസിച്ച് സുഷ്മ സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കവേ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിനെ ശാസിച്ച് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ഇന്ത്യന്‍ സൈനികരെ കൊന്നുതള്ളാന്‍ നിര്‍ദേശം നല്‍കുന്ന പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്യുക വഴി രാഷ്ട്രീയസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയായിരുന്നു സിദ്ദുവെന്ന് സുഷ്മ സ്വരാജ് പറഞ്ഞതായി കേന്ദ്രമന്ത്രി ഹര്‍സിംറാത്ത് കൗര്‍ ബാദല്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം സുഷ്മ സിദ്ദുവിനെ ശാസിച്ച കാര്യം അറിയിച്ചത്.


Dont Miss പാക് സൈനികരുടെ തല വെട്ടാറുണ്ട്: പക്ഷേ പ്രദര്‍ശിപ്പിക്കാറില്ല: നിര്‍മല സീതാരാമന്‍


സിദ്ദുവിന്റെ നടപടിക്കെതിരെ നേരത്തെ തന്നെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു. താന്‍ ചെയ്ത പ്രവര്‍ത്തിയുടെ പ്രത്യാഘാതം എത്രയെന്ന് സിദ്ദുവിന് അറിയില്ലെന്നും പാക് സൈനികര്‍ ഒരുവര്‍ഷം 300 ഓളം ഇന്ത്യന്‍ സൈനികരെ പരിക്കേല്‍പ്പിക്കുകയും നിരവധി പേരെ കൊലപ്പെടുത്താറുമുണ്ട്. ഇതിന് അവര്‍ക്ക് നിര്‍ദേശം നല്‍കുന്ന വ്യക്തിയെയാണ് സിദ്ദു ആലിംഗനം ചെയ്തിരിക്കുന്നത്. – എന്നായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ പ്രതികരണം.

പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പായിരുന്നു സിദ്ദുവിന്റെ വിവാദ ആലിംഗനം. ചടങ്ങില്‍ സിദ്ദു പാക് അധീന കാശ്മീര്‍ പ്രസിഡന്റ് മസൂദ് ഖാന്റെ സമീപത്തിരുന്നതും വിവാദമായിരുന്നു.

എന്നാല്‍ ആരെങ്കിലും ഒരാള്‍ തന്റെ അടുത്തെത്തി നമ്മള്‍ ഒരേ സംസ്‌ക്കാരത്തില്‍പ്പെട്ടവരാണെന്ന് പറഞ്ഞ് സമീപിക്കുമ്പോള്‍ താനെന്ത് ചെയ്യണമെന്നായിരുന്നായിരുന്നു സിദ്ദുവിന്റെ ചോദ്യം. സംഭവത്തില്‍ പഞ്ചാബിലെ ഒരു അഭിഭാഷകന്റെ പരാതിയില്‍ മുസാഫിര്‍ കോടതി സിദ്ദുവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more