ന്യൂദല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമാ സ്വരാജിനെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളെല്ലാം ആശുപത്രിയിലെത്തിയിട്ടുണ്ട്.
വൈകീട്ട് വരെ സോഷ്യമീഡിയയില്‍ സജീവമായിരുന്ന സുഷമാ സ്വരാജ്, കശ്മീര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് കൊണ്ട് രാത്രിയില്‍ ട്വീറ്റ് ചെയ്തിരുന്നു.
ഒന്നാം മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി പേരെടുത്ത സുഷമാ സ്വരാജ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. തനിക്ക് അവസരം നല്‍കിയതിന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം വൈകാരികമായി പ്രതികരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.
2016ല്‍ സുഷമാ സ്വരാജ് കിഡ്‌നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
ബി.ജെ.പിയിലെ ഏറ്റവും ശക്തയായ വനിതാ നേതാവായിരുന്ന സുഷമാ സ്വരാജ് ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ്, ലോക്‌സഭയിലെ മുന്‍പ്രതിപക്ഷ നേതാവ്, ദില്ലി മുന്‍ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയില്‍ സംസ്ഥാന മന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
1996,1998,1999 കാലത്ത് വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2009-14 കാലഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് സ്ഥാനം സുഷമ വഹിച്ചത്.
1953-ല്‍ ഫെബ്രുവരി 14-ന് ഹരിയാനയിലെ അമ്പാലയിലാണ് സുഷമാ സ്വരാജ് ജനിച്ചത്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. മകളുടെ പേര് ബാന്‍സുരി കൗശല്‍ എന്നാണ്.