| Friday, 29th July 2016, 9:04 am

പരാമര്‍ശിച്ച രണ്ടു പുസ്തകങ്ങളും മഹാശ്വേതാ ദേവിയുടേതല്ല: അനുശോചന കുറിപ്പില്‍ അബദ്ധം കാണിച്ച സുഷമ സ്വരാജിന് ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാശ്വേതാ ദേവിയുടെ മരണ വാര്‍ത്ത വന്നതിനു പിന്നാലെ ട്വിറ്ററിലും മറ്റും രാഷ്ട്രീയ നേതാക്കളുടെ അനുശോചന പ്രവാഹമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനുശോചനങ്ങളുമായി രംഗത്തെത്തി.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും അനുശോചനം രേഖപ്പെടുത്താന്‍ മറന്നില്ല. എന്നാല്‍ അനുശോചനക്കുറിപ്പില്‍ സുഷമയ്ക്കു സംഭവിച്ച അബദ്ധം ചര്‍ച്ചയായിരിക്കുകയാണ്.

“അവരുടെ ” പ്രഥം പ്രതിശ്രുതി” “ബകുള്‍ കഥ” എന്നീ രണ്ടു രചനകളും ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. മഹാശ്വേതാ ദേവിക്ക് എന്റെ ആദരാഞ്ജലികള്‍” എന്നാണ് സുഷമയുടെ ട്വീറ്റ്.

എന്നാല്‍ സുഷമ പരാമര്‍ശിച്ചിരിക്കുന്ന രണ്ടു പുസ്തകങ്ങളും മഹാശ്വേതാ ദേവിയുടേതല്ല എന്നതാണ് കാര്യം. പ്രമുഖ ബംഗാളി നോവലിസ്റ്റായ ആശാപൂര്‍ണാ ദേവിയുടേതാണ് ഈ രണ്ടു രചനകളും.

ട്വിറ്ററില്‍ ഒട്ടേറെ ഫോളോവേഴ്‌സുള്ളതുകൊണ്ടുതന്നെ വളരെ പെട്ടെന്നു സുഷമയുടെ ട്വീറ്റ് ശ്രദ്ധനേടി. പിന്നാലെ ട്രോളുകളും വന്നു. ഇതോടെ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റിന്റെ ഫോട്ടോസുമായി ട്രോളുകള്‍ തുടരുകയാണ്.

We use cookies to give you the best possible experience. Learn more