|

ഞങ്ങളുടെ 'മൈക്കിളപ്പ'; ചിത്രങ്ങള്‍ പങ്കുവെച്ച് സൗബിനും സുഷിനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വം നിറഞ്ഞ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മാസും ക്ലാസും മാസ് ബി.ജി.എമ്മും ചേര്‍ന്ന് മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ് ചിത്രം നല്‍കുന്നത്.

മൈക്കിളായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍ മറ്റ് അഭിനേതാക്കളും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സൗബിന്‍ ഷാഹിറും, സുഷിന്‍ ശ്യാമും. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘മൈക്കിളപ്പ’ എന്നാണ് ഇരുവരും കുറിച്ചിരുന്നത്.

സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ മൈക്കിളിനെ ബഹുമാനത്തോടെ വിളിക്കുന്നതാണ് മൈക്കിളപ്പയെന്ന്. ചിത്രത്തില്‍ അജാസ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരുന്നത്. സൗബിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും ആദ്യപകുതിയില്‍ നിന്നും രണ്ടാം പകുതിയിലെത്തുമ്പോള്‍ നിര്‍ണായകമായ മാറ്റം സംഭവിക്കുന്ന കഥാപാത്രം കൂടിയാണ് സൗബിന്റെ അജാസ്.

അതുപോലെ മൈക്കിളിന്റെ മാസ് പെര്‍ഫോമന്‍സിനൊപ്പം തിയേറ്ററിനെ പ്രകമ്പനം കൊള്ളിച്ച ഒരു പ്രധാന ഘടകം സുഷിന്‍ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറുകളായിരുന്നു.

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി മാസ് ലുക്കിലെത്തിയ ചിത്രം എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ ബോക്സ് ഓഫീസ് തൂത്തുവാരിയിരിക്കുകയാണ് ഭീഷ്മയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുകയാണ്. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടി എന്നാണ് ഫ്രൈ ഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 ലക്ഷം പേരാണ് ഭീഷ്മ പര്‍വം കണ്ടത്.

ഏരീസ് പ്ലെക്സ് എസ്.എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടത്. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് നേടിയെന്നും പറയുന്നു.


Content Highlight: sushin syam and saubin shared picture with mammootty