മലയാളത്തില്‍ മേക്കിങ്ങ് കൊണ്ടും കഥ പറച്ചില്‍ രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം പാത്ത് ബ്രേക്കിങ്ങായി മാറിയ സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. അന്ന ബെന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ഈ സിനിമയില്‍ ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ഗ്രേസ് ആന്റണി, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ചിത്രത്തിലെ സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. അതില്‍ തന്നെ ഉയിര്‍ തൊടും എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഏറ്റവുമധികം ശ്രദ്ധ നേടിയത്. തുടക്കസമയത്ത് ഈ പാട്ടിന്റെ ട്രാക്ക് ശരിയാകുന്നുണ്ടായിരുന്നില്ലെന്നും പിന്നീട് ഫഹദിനും നസ്രിയക്കുമൊപ്പം ഗോവയില്‍ ഒരു യാത്ര പോയി വന്നതിന് ശേഷമാണ് ഈ ട്രാക്ക് ശരിയായതെന്നും പറയുകയാണ് സുഷിന്‍ ശ്യാം.
”കുമ്പളങ്ങിയിലെ ‘ഉയിരില്‍ തൊടും’ എന്ന ലവ് സോങ്ങിലേക്ക് കടന്നപ്പോള്‍ എന്ത് ചെയ്തിട്ടും അങ്ങോട്ട് സെറ്റാവുന്നുണ്ടായിരുന്നില്ല. കുറേ ഓപ്ഷനുകള്‍ ട്രൈ ചെയ്തു.
മധുവേട്ടന്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. പുള്ളിക്കും ഒന്നും ഓക്കെ ആവുന്നുണ്ടായിരുന്നില്ല.
അങ്ങനെ ഈ പാട്ടിന്റെ ഷൂട്ട് നടക്കേണ്ട സമയമായി. പക്ഷെ ഞാന്‍ ഈ പാട്ടിന്റെ കാര്യത്തില്‍ വൈകുന്നുണ്ടായിരുന്നു. ഒരോപ്ഷന്‍ കൊടുത്തു, അടുത്ത ഓപ്ഷന്‍ കൊടുത്തു, അങ്ങനെ വീണ്ടുംവീണ്ടും കൊടുത്തു.
പക്ഷെ എന്ത് ചെയ്തിട്ടും അതില്‍ എന്തോ ഒന്ന് മിസ്സാവുകയായിരുന്നു, കുമ്പളങ്ങിയുമായി ചേര്‍ന്നുപോകാത്ത ഒരു ഫീലായിരുന്നു.
ഷാനുവിന് (ഫഹദ് ഫാസില്‍) അതിന്റെ ഇടയില്‍ ഒരു ബ്രേക്ക് കിട്ടി. എന്തോ നാലഞ്ച് ദിവസത്തെ ബ്രേക്കായിരുന്നു. അങ്ങനെ നസ്രിയയും ഷാനുവും നമുക്കെന്തെങ്കിലും പ്ലാനിട്ടാലോ എന്ന് ചോദിച്ചു.
ഗോവയ്ക്ക് പോയാലോ എന്ന സജഷന്‍ വന്നു. അപ്പോഴും എന്റെയുള്ളില്‍ ഈ പാട്ടിന്റെ ട്രാക്ക് ശരിയാകുന്നില്ലല്ലോ എന്ന കുറ്റബോധമുണ്ട്. നമുക്ക് ചുമ്മാ ഒന്ന് പോയിവരാം, ട്രിപ്പടിക്കാം എന്ന് അവര്‍ പറഞ്ഞു. അഞ്ചാറ് ദിവസം ചുമ്മാ ചില്‍ ചെയ്ത് റിലാക്സ് ചെയ്ത് വന്നപ്പോഴേക്കും ഞാന്‍ ആ ട്രാക്കിലേക്കെത്തിയിരുന്നു. തിരിച്ചുവന്നപ്പൊ തന്നെ ന്നാ പിടിച്ചൊ, എന്ന് ഞാന്‍ പറഞ്ഞു (ചിരി).
അങ്ങനെ യാത്ര പോയി തിരിച്ച് വന്നപ്പോഴേക്കും ഉയിരില്‍ ശരിയായി,” സുഷിന്‍ ശ്യാം പറഞ്ഞു.
Content Highlight: Sushin Shyam talks about the movie song in Kumbalangi Nights