ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച മ്യൂസിക് ഡയറക്ടറായി മാറിയ ആളാണ് സുഷിന്‍ ശ്യാം. സുഷിന്‍ സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ടാണ് സിനിമാജീവിതം ആരംഭിക്കുന്നത്. 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും സുഷിന്‍ സ്വന്തമാക്കി.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിന്റെ മേക്കിങ്ങിനോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ളതായിരുന്നു ചിത്രത്തിന്റെ സംഗീതവും. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിച്ച ഭീഷ്മ പര്‍വ്വത്തിലെ ഗാനങ്ങളും ബി.ജി.എമ്മുകളും ഹിറ്റായിരുന്നു.
ഭീഷ്മപര്‍വ്വത്തിലെ മ്യൂസിക്കിനെ കുറിച്ച് സംസാരിക്കുകയാണ് സുഷിന്‍ ശ്യാം. ഒ.ടി.ടി.യില്‍ ഇറക്കാമെന്ന് കരുതിയത് താന്‍ ചെയ്ത നോട്ടോറിയസ് എന്ന ബി.ജി.എം കേട്ട് തിയേറ്ററില്‍ തന്നെ ഇറക്കണമെന്ന് അമല്‍ നീരദ് തീരുമാനിക്കുകയായിരുന്നെന്ന് സുഷിന്‍ ശ്യാം പറയുന്നു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പടത്തിന്റെ മ്യൂസിക്കിന്റെ കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നു. അമലേട്ടന്‍ അങ്ങനെ ഒരുപാട് എക്‌സൈറ്റ്‌മെന്റ് കാണിക്കാത്തൊരാളാണ്. വരത്തന്റെ സമയത്താണെങ്കിലും അങ്ങനെത്തന്നെയായിരുന്നു. അധികം എക്‌സൈറ്റ്‌മെന്റ് കാണിച്ചിട്ടില്ല. അദ്ദേഹം അങ്ങനെ വെറുതെ നമ്മളെ പൊക്കിയടിക്കുകയൊന്നും ഇല്ല. അടിപൊളിയായി, കലക്കി എന്നൊന്നും അദ്ദേഹം പറയാറില്ല.
വളരെ വിരളമായാണ് അങ്ങനെ എന്തെങ്കിലും പറയുക. അത്രക്ക് ഇഷ്ടപെട്ടാല്‍ മാത്രമാണ് അമലേട്ടന്‍ ഒരു തംബ്‌സ് അപ്പ് കാണിക്കുകയോ പൊളിച്ചു എന്ന് പറയുകയോ ചെയ്യുകയുള്ളൂ. ആ ഒരു വാക്ക് വരണമെങ്കില്‍ തന്നെ വലിയ പാടാണ്. അങ്ങനെ ഉള്ള ഒരാള്‍ നോട്ടോറിയസ് ബി.ജി.എം ആദ്യത്തെ തവണ കേട്ടപ്പോള്‍ തന്നെ കറക്ഷന്‍ ഇല്ലായെന്ന് പറഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്ന് പോയി. ഭയങ്കര സന്തോഷമായി.
അമലേട്ടന് അത് നന്നായി ഇഷ്ടമായി. പുള്ളി ഒ.ടി.ടി.യില്‍ ഇറക്കാമെന്ന് കരുതിയത് ഇനി തിയേറ്ററില്‍ തന്നെ ഇറക്കണമെന്ന് പറഞ്ഞാണ് എഴുന്നേറ്റ് വന്നത്. ഞാന്‍ ഇത് തിയേറ്റര്‍ തന്നെ ഉറപ്പിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. പുള്ളി അപ്പോള്‍ തന്നെ ചിത്രം തിയേറ്ററില്‍ ഇരകണമെന്ന് തീരുമാനിക്കുകയായിരുന്നു. ആ ഒരു മൊമെന്റ് എനിക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നു,’ സുഷിന്‍ ശ്യാം പറയുന്നു.