പാട്ട് കേള്‍ക്കുമ്പോള്‍ നസ്രിയ അയ്യേ എന്ന് പറഞ്ഞ് പുച്ഛിക്കും, അവള്‍ മുഖം നോക്കാതെ എടുത്തടിച്ച് വിമര്‍ശിക്കും: സുഷിന്‍ ശ്യാം
Film News
പാട്ട് കേള്‍ക്കുമ്പോള്‍ നസ്രിയ അയ്യേ എന്ന് പറഞ്ഞ് പുച്ഛിക്കും, അവള്‍ മുഖം നോക്കാതെ എടുത്തടിച്ച് വിമര്‍ശിക്കും: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st November 2022, 11:19 pm

തന്റെ ഏറ്റവും വലിയ വിമര്‍ശക ജീവിതപങ്കാളി ഉത്തരയാണെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. സംവിധായകന് അയക്കുന്നതിന് മുമ്പ് കമ്പോസ് ചെയ്ത പാട്ടുകള്‍ ഉത്തരയെ കേള്‍പ്പിക്കാറുണ്ടെന്ന് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സുഷിന്‍ പറഞ്ഞു.

‘ഒരു പാട്ട് കമ്പോസ് ചെയ്തിട്ട് ചിലപ്പോള്‍ ആദ്യം കേള്‍ക്കുന്നത് എന്റെ പാര്‍ട്ട്ണര്‍ ഉത്തരയാണ്. ഉത്തരയാണ് ആദ്യം അഭിപ്രായം പറയുന്ന ആള്‍. സംവിധായകന് പാട്ട് അയക്കുന്നതിന് മുമ്പ് ഇത് അയക്കണോയെന്ന് ഉത്തരയോടാണ് ചോദിക്കാറുള്ളത്. അത് കേള്‍ക്കുമ്പോഴുള്ള അവളുടെ എക്‌സ്പ്രഷനൊക്കെ നോക്കും. അവളാണ് അത്യാവശ്യം നല്ല ക്രിട്ടിക്ക് എന്ന് പറയാവുന്ന ആള്‍.

അവള്‍ കേട്ട് വര്‍ക്കായിട്ടുണ്ടെങ്കില്‍ ചേച്ചിയെ കേള്‍പ്പിക്കും. കുറച്ച് കൂടി കൊമേഴ്‌സ്യലി പാട്ട് വര്‍ക്കാവുമോയെന്ന് ചേച്ചി പറയും. അവള്‍ക്ക് ഓക്കെയാണെങ്കില്‍ കൊമേഴ്‌സ്യലി ഒക്കെയാവും എന്നൊരു സാധനമുണ്ട്. പിന്നെ ഫ്രണ്ട്‌സുണ്ട്. ചിലപ്പോള്‍ നസ്രിയയെ കേള്‍പ്പിക്കും. നസ്രിയ അയ്യേ എന്ന് പറഞ്ഞ് പുച്ഛിക്കും. അവള്‍ ഭയങ്കര സ്‌ട്രെയ്റ്റ് ഓണ്‍ ഫേസ് ക്രിട്ടിക്കാണ്. അങ്ങനെ കുറച്ച് ഫ്രണ്ട്‌സുണ്ട്,’ സുഷിന്‍ പറഞ്ഞു.

രോമാഞ്ചമാണ് ഇനി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സുഷിന്റെ ചിത്രം. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഓജോ ബോര്‍ഡ് വെച്ച് ആത്മാക്കളെ വിളിച്ചുവരുത്തുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹനിര്‍മാതാക്കള്‍.

Content Highlight: Sushin shyam talks about nazriya’s criticism on his  music