ആ ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്ന് ഞാന്‍ ഡിറ്റാച്ച്ഡാകാന്‍ കുറച്ച് സമയമെടുത്തു: സുഷിന്‍ ശ്യാം
Entertainment
ആ ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്ന് ഞാന്‍ ഡിറ്റാച്ച്ഡാകാന്‍ കുറച്ച് സമയമെടുത്തു: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th June 2024, 5:47 pm

തനിക്ക് ഫഹദ് ഫാസില്‍ ചിത്രമായ മാലിക്കില്‍ മ്യൂസിക് ചെയ്ത ശേഷം അതില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ കുറച്ച് സമയമെടുത്തിരുന്നു എന്ന് പറയുകയാണ് സുഷിന്‍ ശ്യാം. അടുത്ത സിനിമ ചെയ്യുമ്പോള്‍ അതിലേക്ക് മാലിക്കിന്റെ മ്യൂസിക് കയറി വരുന്ന പ്രശ്‌നം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളൊഴുക്ക് സിനിമയുടെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഷിന്‍ ശ്യാം. മിന്നല്‍ മുരളി ചെയ്യുമ്പോള്‍ മാലിക്കിന്റെ തീം വരുന്നുണ്ടായിരുന്നുവെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ചില സിനിമകളില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ സമയമെടുക്കാറുണ്ടെന്നും ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് അത്തരത്തിലുള്ള ഒരു സിനിമയായിട്ടാണ് തോന്നിയതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ ഇപ്പോള്‍ ഉള്ളൊഴുക്കില്‍ നിന്ന് ഡിറ്റാച്ച്ഡായിട്ടുണ്ട്. അതുകൊണ്ടാകും ആ സിനിമയെ കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ പറ്റാത്തത്. ഞാന്‍ ഉള്ളൊഴുക്ക് കഴിഞ്ഞ് രണ്ട് സിനിമകള്‍ ചെയ്തു.

ഇപ്പോള്‍ സീന്‍സിനെ കുറിച്ച് പറയുമ്പോഴാണ് അതിന്റെ മേലെ പിന്നെയും ട്രാവല്‍ ചെയ്യാന്‍ സാധിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ ഒരുപാട് സമയമെടുക്കുന്ന ആളാണ് ഞാന്‍. എത്രത്തോളം ആ സിനിമ എന്ന ഇമ്പാക്റ്റ് ചെയ്തിട്ടുണ്ടോ, അതിനനുസരിച്ചാണ് അത്.

മാലിക് സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് അതില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ കുറച്ച് സമയമെടുത്തിരുന്നു. അടുത്ത പടത്തിലേക്ക് അതിന്റെ മ്യൂസിക് കയറി വരുന്ന പ്രശ്‌നം ഉണ്ടായിരുന്നു. മിന്നല്‍ മുരളിയില്‍ അതിന്റെ തീം വരുന്നുണ്ടായിരുന്നു.

അങ്ങനെയുള്ള ചെറിയ പ്രശ്‌നമുണ്ടായിരുന്നു. എനിക്ക് ചില സിനിമകളില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ സമയമെടുക്കാറുണ്ട്. ഉള്ളൊഴുക്കും അത്തരത്തിലുള്ള് ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു,’ സുഷിന്‍ ശ്യാം പറഞ്ഞു.

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തില്‍ വരുന്ന ചിത്രം ജൂണ്‍ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച സിനിമയാണ് ഉള്ളൊഴുക്ക്.


Content Highlight: Sushin Shyam Talks About Malik Movie