ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച മ്യൂസിക് ഡയറക്ടറായി മാറിയ ആളാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമാജീവിതം ആരംഭിക്കുന്നത്. 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും സുഷിന്‍ സ്വന്തമാക്കി.
ഈ വര്‍ഷമിറങ്ങിയ സിനിമകളില്‍ ഏറ്റവും വിജയമായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ രംഗണ്ണനായി എത്തിയ ചിത്രം മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വന്‍ വിജയമായിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം ചിത്രത്തിന്റെ വിജയത്തിന് വലിയ കാരണമായിരുന്നു. സുഷിന്‍ ആവേശത്തിന് വേണ്ടി ഒരുക്കിയ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. അതില്‍ എടുത്ത് പറയേണ്ടത് പ്രെമോ ഗാനമായി ഒരുക്കിയ ഇല്ലുമിനാട്ടി തന്നെയാണ്. സ്‌പോട്ടിഫൈയിലും യൂട്യൂബിലുമടക്കം ട്രെന്‍ഡായി ഇല്ലുമിനാട്ടി മാറിയിരുന്നു.
ഇല്ലുമിനാട്ടി ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സുഷിന്‍ ശ്യാം. ആ പാട്ട് ചെയ്തപ്പോള്‍ തനിക്ക് ഇഷ്ടമായില്ലെന്നും താന്‍ അതിന്റെ ഫാന്‍ അല്ലെന്നും സുഷിന്‍ പറയുന്നു. പാട്ട് ഹിറ്റാണെങ്കിലും താന്‍ കേള്‍ക്കാറില്ലെന്നും അതിന് പകരം കുമ്പളങ്ങി നൈറ്റ്‌സിലെ ചിരാതുകള്‍, തായ്മാനം, മഞ്ഞുമ്മലിലെ നെബുലകളെ തുടങ്ങിയ പാട്ടുകളാണ് കേള്‍ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഷിന്‍ ശ്യാം.
‘ഇല്ലുമിനാട്ടി പാട്ട് ചെയ്തപ്പോള്‍ എനിക്ക് അധികം ഇഷ്ടമായിട്ടില്ല. എന്റെ അഭിപ്രായമാണത്. ഞാന്‍ അങ്ങനെ ഒരു ഇല്ലുമിനാട്ടി ഫാന്‍ ഒന്നും അല്ല. അത് ഭയങ്കരമായിട്ട് ഹിറ്റായൊരു പാട്ടാണ്. എന്നാല്‍ ഞാന്‍ ആ പാട്ട് ഇട്ട് കേള്‍ക്കുമോ എന്ന് ചോദിച്ചാല്‍ കേള്‍ക്കില്ല.
കുമ്പളങ്ങി നൈറ്റ്‌സിലെ ചിരാതുകള്‍, തായ്മാനം, മഞ്ഞുമ്മലിലെ നെബുലകളെ തുടങ്ങിയ പാട്ടുകളൊക്കെ ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നതാണ്. കാരണം ആ പാട്ടുകളൊക്കെ കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമുള്ളതുകൊണ്ടാണ്. എന്നാല്‍ ഇല്ലുമിനാട്ടി കേള്‍ക്കാന്‍ എനിക്ക് അത്രക്ക് ഇഷ്ടമല്ല,’ സുഷിന്‍ ശ്യാം പറയുന്നു.
Content Highlight: Sushin Shyam Talks About Illuminati Song