അഞ്ചാം പാതിര പോലെ തന്നെ ഹിറ്റാണ് ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ക്കും സ്റ്റാറ്റസുകള്‍ക്കുമൊപ്പം അഞ്ചാം പാതിര മ്യൂസിക്കും വ്യാപകമായി ഉപയോഗിക്കാറുണ്ട്.
അഞ്ചാം പാതിര ബി.ജി.എം ചെയ്തതിനെ പറ്റി പറയുകയാണ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. വെറുതെ മനസില്‍ വന്ന ടൂണ്‍ ഒരു കൈ കൊണ്ട് അങ്ങ് വായിച്ചുപോയതാണെന്ന് സുഷിന്‍ പറഞ്ഞു. ഒരുപാട് ചിന്തിച്ച് ചെയ്യുന്ന പ്രൊഡക്ടുകളൊന്നും ആളുകള്‍ക്ക് ഇഷ്ടപ്പെടാറില്ലെന്നും വെറുതെ മനസില്‍ വരുന്നത് ബി.ജി.എമ്മാക്കുന്നതാണ് ഹിറ്റാവാറുള്ളതെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സുഷിന്‍ പറഞ്ഞു.
‘അത് വെറുതെ റാന്‍ഡമായി ചെയ്തതാണ്. ഒരുപാട് ചിന്തിച്ച് ചെയ്യുന്നതൊന്നും ആളുകള്‍ക്ക് ഇഷ്ടപ്പെടില്ല. ഒറ്റവിരലില്‍ വായിച്ചതാണ് അഞ്ചാം പാതിരയിലെ മ്യൂസിക്. മനസില്‍ എന്താണോ വന്നത് അത് ചുമ്മാ അങ്ങ് ചെയ്തു. പക്ഷേ അത് ഇങ്ങനെ ഹിറ്റായി പോകുമെന്ന് ഞാന്‍ വിചാരിച്ചില്ല.
ആളുകള്‍ക്ക് സിമ്പിള്‍ പരിപാടികള്‍ ഭയങ്കര ഇഷ്ടമാണ്. ജിംഗിള്‍ പോലത്തെ മ്യൂസിക്കാണല്ലോ. ഒരു ലൂപ്പിലിങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ബേസിക്കായി ഒരു ബീറ്റുണ്ട്. അതിന്റെ മുകളില്‍ ഒരു മെയ്ന്‍ മെലഡിയും കൂടി വന്നാലെ ആളുകള്‍ക്ക് ഹുക്കാവുകയുള്ളൂ. ആക്‌സിഡന്റ്‌ലി വരുന്ന സാധനങ്ങളാണ് മിക്കവാറും കേറി കത്തുന്നത്,’ സുഷിന്‍ പറഞ്ഞു.
തന്റേതായി ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് മലയാളം ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്നും സുഷിന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.
‘ഇനി വരാനിരിക്കുന്നതില്‍ എന്നെ ഏറ്റവും എക്സൈറ്റ്മെന്റ് തോന്നിപ്പിക്കുന്ന പ്രൊജക്റ്റുകളാണ് മഞ്ഞുമ്മല്‍ ബോയ്സും ആവേശവും. മഞ്ഞുമ്മല്‍ ബോയ്സ് മലയാളം ഇന്‍ഡസ്ട്രിയുടെ സീന്‍ കുറച്ച് മാറ്റും. ഒരു ബില്‍ഡപ്പിന് വേണ്ടി പറയുകയല്ല. മ്യൂസിക്കിന്റെ കാര്യത്തിലും എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റുണ്ട്. കുറച്ചധികം എഫേര്‍ട്ട് ഇടാനായി ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
എന്റെ സൗണ്ട്സൊക്കെ മൊത്തത്തില്‍ ഒന്ന് റീസെറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 2023 തുടങ്ങുമ്പോള്‍ മൊത്തത്തില്‍ എന്റെ സൗണ്ടിങ് ഒന്ന് മാറ്റിപിടിക്കണമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് മുതലാണ് അത് മാറാന്‍ പോകുന്നത് എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
എനിക്ക് പുതിയതായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതിലെ പാട്ട് ചെയ്തത് എന്തായാലും പുതിയ പരിപാടിയായി വന്നിട്ടുണ്ട്. പടമാണെങ്കിലും ഭയങ്കര രസമായിരിക്കും. ഒരു തിയേറ്റര്‍ എക്സ്പീരിയന്‍സായിരിക്കും,’ സുഷിന്‍ ശ്യാം പറഞ്ഞു.
Content Highlight: Sushin Shyam talks about Anjam Pathira BGM