മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. 2015ല്‍ സപ്തമശ്രീ തസ്‌കരാ എന്ന സിനിമക്ക് പശ്ചാത്തലസംഗീതം നല്‍കിക്കൊണ്ടാണ് സുഷിന്‍ സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംഗീതസംവിധായകനായി മാറി.
ഇപ്പോള്‍ വരത്തനിലെ ‘പുതിയൊരു പാതയില്‍’ എന്ന സോങ്ങിനായി അമല്‍ നീരദ് തന്നെ വിളിച്ചതിനെ കുറിച്ച് പറയുകയാണ് സുഷിന്‍ ശ്യാം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമലേട്ടന്‍ ആദ്യമായി എന്നെ വിളിച്ചിട്ട് ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞു. നമ്മള്‍ അന്ന് പരിചയപെടുന്നതേയുള്ളൂ. വരത്തന്റെ സമയത്താണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്.
അതിന് മുമ്പ് ഞാന്‍ ഇയ്യോബില്‍ വര്‍ക്ക് ചെയ്തിരുന്നു. ചെന്നൈയിലുള്ള സമയത്ത് ഒരു പ്രോഗ്രാമര്‍ എന്ന നിലയിലായിരുന്നു അന്ന് വര്‍ക്ക് ചെയ്തത്.
വരത്തന് വേണ്ടി അമലേട്ടന്‍ എന്നോട് കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ പോയപ്പോള്‍ ഇങ്ങനെ ഒരു പ്രൊജക്റ്റുണ്ട്, മച്ചാന്‍ ഒന്ന് നോക്കൂവെന്ന് പറഞ്ഞു. ഒരു പാട്ടിന്റെ ഐഡിയ പറഞ്ഞും തന്നു.
പിന്നെ ഒരു ദിവസം ഞാന്‍ അത് ചെയ്ത് പെന്‍ഡ്രൈവിലാക്കി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. പുള്ളി നമുക്ക് കാറിലിരുന്ന് കേള്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെ ആ പെന്‍ഡ്രൈവ് കാറില്‍ കുത്തി. അമലേട്ടന്‍ കാറില്‍ ഇരുന്ന് കൊണ്ട് ആ പാട്ട് കേട്ടു.
അപ്പോള്‍ എന്റെ ഹൃദയം കിടുകിടാന്ന് ഇടിക്കുന്നുണ്ടായിരുന്നു. അത് വര്‍ക്കാകുമോ എന്നായിരുന്നു എന്റെ പേടി. കേട്ടശേഷം കൊള്ളാം മച്ചാനെ, നല്ലതാണ് എന്നായിരുന്നു അമലേട്ടന്റെ മറുപടി,’ സുഷിന്‍ ശ്യം പറഞ്ഞു.
Content Highlight: Sushin Shyam Talks About Amal Neerad And Puthiyoru Paathayil Song