നിലവിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. ഇപ്പോൾ തിയേറ്ററിൽ തകർത്തോടികൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സിലൂടെ വീണ്ടും സുഷിൻ ചർച്ചയാവുകയാണ്.
നിലവിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. ഇപ്പോൾ തിയേറ്ററിൽ തകർത്തോടികൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സിലൂടെ വീണ്ടും സുഷിൻ ചർച്ചയാവുകയാണ്.
മഞ്ഞുമ്മൽ ബോയ്സ് റിലീസ് ആവുന്നതിനു മുമ്പ് സുഷിൻ പറഞ്ഞത്, ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്നായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ചിത്രം ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. മറ്റൊരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകരണമാണ് തമിഴ്നാട്ടിൽ ചിത്രം നേടിയത്.
ചിത്രത്തിനായി സുഷിൻ ഒരുക്കിയ സംഗീതം ഏറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ രീതിയിൽ സിനിമകൾക്കായി പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നതിലൂടെ സുഷിൻ ഏറെ ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സംഗീതസംവിധായകനായി സജീവമാവുന്നതിന് മുമ്പ് തന്നെ സുഷിൻ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. അതും അഭിനയത്തിലൂടെ.
വിനീത് ശ്രീനിവാസൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം തട്ടത്തിൻ മറയത്തിൽ ഒരു ചെറിയ വേഷത്തിൽ സുഷിൻ വന്ന് പോകുന്നുണ്ട്. കുറഞ്ഞ നേരമേ ചിത്രത്തിലുള്ളുവെങ്കിലും വലിയ രീതിയിൽ ശ്രദ്ധ നേടിയ ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് സുഷിൻ.
അഭിനയിക്കാൻ തനിക്ക് താത്പര്യം ഇല്ലെന്നും ക്യാമറ ഫേസ് ചെയ്യാൻ പ്രയാസമാണെന്നും സുഷിൻ പറയുന്നു. ഇപ്പോഴും ആ സീനിൽ അഭിനയിച്ചതിന്റെ പേരിൽ പലരും തന്നെ തിരിച്ചറിയാറുണ്ടെന്നും സുഷിൻ പറഞ്ഞു. ഇനി ഒരിക്കലും അഭിനയിക്കാൻ പോവില്ലെന്നും ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സുഷിൻ പറഞ്ഞു.
‘വിനീത് ശ്രീനിവാസൻ വിളിച്ചാൽ ഇനി ഞാൻ അഭിനയിക്കാൻ പോവില്ല. കാരണം അഭിനയം എനിക്ക് അത്ര താത്പര്യമില്ല. എന്നെ പലരും അതിനായി വിളിച്ചിട്ടുണ്ട്. തട്ടത്തിൻ മറയത്തിന് ശേഷം ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്.
ഞാൻ പലപ്പോഴും വിചാരിക്കുക എന്നെ മ്യൂസിക് ചെയ്യാൻ വേണ്ടി വിളിക്കുന്നതാണെന്ന്. പക്ഷെ അഭിനയിക്കാൻ വിളിക്കുകയാണെന്ന് അറിഞ്ഞാൽ ഞാൻ ചോദിക്കും അഭിനയിക്കാനോ? എന്ന്. കാരണം അതെനിക്ക് പറ്റില്ല. എനിക്ക് ക്യാമറ ഇത്തിരി ബുദ്ധിമുട്ടാണ് എവിടെയാണെങ്കിലും.
ഞാൻ പ്ലസ് വണിൽ പഠിക്കുമ്പോൾ ഞങ്ങൾ ഒരു ആൽബം ചെയ്തിരുന്നു. അന്ന് ഞങ്ങൾ കുറേ പാട്ടുകാരെ ഉപയോഗിച്ചിരുന്നു. വിനീത് ശ്രീനിവാസൻ, ഫ്രാങ്കോ, ബെന്നി ദയാൽ, കാർത്തിക് അങ്ങനെ അപ്പോഴുള്ള പ്രധാന പാട്ടുകാർ വേണമെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് വിനീതിനെ പരിചയം. പിന്നെ പപ്പയുടെ പഴയ ഫ്രണ്ടാണ് ശ്രീനി അങ്കിൾ. ശ്രീനി അങ്കിൾ പണ്ട് ഞങ്ങളുടെ വീട്ടിലേക്കൊക്കെ വന്നിട്ടുണ്ട്.
വിനീതേട്ടനെ പിന്നെ കാണുന്നത് തട്ടത്തിൻ മറയത്തിന്റെ റെക്കോർഡിങ് നടക്കുമ്പോഴാണ്. അന്നാണ് പുള്ളി ഇങ്ങനെയൊരു സീൻ ഉണ്ട് നീ ചെയ്യുമോ എന്നൊക്കെ ചോദിച്ചത്. ആനന്ദം സിനിമയുടെ സംവിധായകൻ ഗണേഷ് രാജാണ് എനിക്കന്ന് ഡബ്ബ് ചെയ്തത്.
ഇത്രയൊക്കെ പടം ചെയ്തിട്ടും ഇപ്പോഴും എനിക്ക് ആ പേരുണ്ട്. സ്ക്രൂവല്ലേ എന്ന് ചോദിക്കും. ആ സമയത്ത് ഞാൻ നന്നായി എൻജോയ് ചെയ്യുമായിരുന്നു അതെല്ലാം. എന്നെ ഒരാൾ പുറത്തിന്ന് കാണുമ്പോൾ, ഇത് ആ പടത്തിലെ ആളല്ലേ എന്ന് ചോദിച്ച് ആളുകൾ എന്നെ തിരിച്ചറിയുമായിരുന്നു,’ സുഷിൻ ശ്യാം പറയുന്നു.
Content Highlight: Sushin Shyam Talk About Vineeth Sreenivasan and Tatathin Marayathu