വിനീത് ശ്രീനിവാസൻ വിളിച്ചാൽ ഇനി അഭിനയിക്കാൻ പോവില്ല, തട്ടത്തിന് ശേഷം പലരും വിളിച്ചു: സുഷിൻ ശ്യാം
Entertainment
വിനീത് ശ്രീനിവാസൻ വിളിച്ചാൽ ഇനി അഭിനയിക്കാൻ പോവില്ല, തട്ടത്തിന് ശേഷം പലരും വിളിച്ചു: സുഷിൻ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th June 2024, 8:52 am

നിലവിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. അഭിനേതാക്കളുടെ സ്ക്രിപ്റ്റ് സെലക്ഷൻ പോലെ സുഷിന്റെ സിനിമ തെരഞ്ഞെടുപ്പുകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

സംഗീതത്തോടൊപ്പം ചില ചിത്രങ്ങളിൽ സുഷിൻ തല കാണിച്ചിട്ടുണ്ട്. അത്തരത്തിൽ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത്. കുറച്ച് നേരമേ സീനിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും പ്രേക്ഷകർ ഓർത്തു വെക്കുന്ന കഥാപാത്രമായിരുന്നു അത്.

എന്നാൽ തനിക്ക് അഭിനയിക്കാൻ താത്പര്യമില്ലെന്നും ക്യാമറ ഫേസ് ചെയ്യാൻ പ്രയാസമാണെന്നും സുഷിൻ പറയുന്നു. ഇപ്പോഴും ആ സീനിൽ അഭിനയിച്ചതിനാൽ പലരും തിരിച്ചറിയുന്നുണ്ടെന്നും എന്നാൽ ഇനി വിനീത് ശ്രീനിവാസൻ വിളിച്ചാൽ അഭിനയിക്കാൻ പോവില്ലെന്നും സുഷിൻ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘വിനീത് ശ്രീനിവാസൻ വിളിച്ചാൽ ഇനി ഞാൻ അഭിനയിക്കാൻ പോവില്ല. കാരണം അഭിനയം എനിക്ക് അത്ര താത്പര്യമില്ല. എന്നെ പലരും അതിനായി വിളിച്ചിട്ടുണ്ട്. തട്ടത്തിൻ മറയത്തിന് ശേഷം ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്.

ഞാൻ പലപ്പോഴും വിചാരിക്കുക എന്നെ മ്യൂസിക് ചെയ്യാൻ വേണ്ടി വിളിക്കുന്നതാണെന്ന്. പക്ഷെ അഭിനയിക്കാൻ വിളിക്കുകയാണെന്ന് അറിഞ്ഞാൽ ഞാൻ ചോദിക്കും അഭിനയിക്കാനോ? എന്ന്. കാരണം അതെനിക്ക് പറ്റില്ല. എനിക്ക് ക്യാമറ ഇത്തിരി ബുദ്ധിമുട്ടാണ് എവിടെയാണെങ്കിലും.

ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഞങ്ങൾ ഒരു ആൽബം ചെയ്തിരുന്നു. അന്ന് ഞങ്ങൾ കുറേ പാട്ടുകാരെ ഉപയോഗിച്ചിരുന്നു. വിനീത് ശ്രീനിവാസൻ, ഫ്രാങ്കോ, ബെന്നി ദയാൽ, കാർത്തിക് അങ്ങനെ അപ്പോഴുള്ള പ്രധാന പാട്ടുകാർ വേണമെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് വിനീതിനെ പരിചയം. പിന്നെ പപ്പയുടെ പഴയ ഫ്രണ്ടാണ് ശ്രീനി അങ്കിൾ. ശ്രീനി അങ്കിൾ പണ്ട് ഞങ്ങളുടെ വീട്ടിലേക്കൊക്കെ വന്നിട്ടുണ്ട്.

വിനീതേട്ടനെ പിന്നെ കാണുന്നത് തട്ടത്തിൻ മറയത്തിന്റെ റെക്കോർഡിങ് നടക്കുമ്പോഴാണ്. അന്നാണ് പുള്ളി ഇങ്ങനെയൊരു സീൻ ഉണ്ട് നീ ചെയ്യുമോ എന്നൊക്കെ ചോദിച്ചത്. ആനന്ദം സിനിമയുടെ സംവിധായകൻ ഗണേഷ് രാജാണ് എനിക്കന്ന് ഡബ്ബ് ചെയ്തത്.

ഇത്രയൊക്കെ പടം ചെയ്തിട്ടും ഇപ്പോഴും എനിക്ക് ആ പേരുണ്ട്. സ്ക്രൂവല്ലേ എന്ന് ചോദിക്കും. ആ സമയത്ത് ഞാൻ നന്നായി എൻജോയ് ചെയ്യുമായിരുന്നു അതെല്ലാം. എന്നെ ഒരാൾ പുറത്തിന്ന് കാണുമ്പോൾ, ഇത്‌ ആ പടത്തിലെ ആളല്ലേ എന്ന് ചോദിച്ച് ആളുകൾ എന്നെ തിരിച്ചറിയുമായിരുന്നു,’ സുഷിൻ ശ്യാം പറയുന്നു.

 

Content Highlight: Sushin Shyam Talk About Thattathin Marayathu Movie And His Character