മഞ്ഞുമ്മൽ ബോയ്സിലൂടെ വീണ്ടും ചർച്ചയാവുകയാണ് സുഷിൻ ശ്യാമിന്റെ സംഗീതം. ചിത്രത്തിന്റെ റിലീസിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ സുഷിൻ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മറ്റുമെന്ന് പറഞ്ഞത് വലിയ വൈറലായി മാറിയിരുന്നു.
മഞ്ഞുമ്മൽ ബോയ്സിന്റെ റിലീസിന് പിന്നാലെ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുക്കുകയും ചെയ്തു. മറ്റൊരു സിനിമക്കും കിട്ടാത്ത വരവേൽപ്പാണ് തമിഴ് നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശമാണ് അടുത്ത സുഷിൻ ശ്യാം ചിത്രം. താൻ അഭിനയിച്ച ആദ്യ ചിത്രത്തെ കുറിച്ച് പറയുകയാണ് സുഷിൻ.
വിനീത് ശ്രീനിവാസൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം തട്ടത്തിൻ മറയത്തിൽ ഒരു ചെറിയ സീനിൽ സുഷിൻ വന്ന് പോകുന്നുണ്ട്. കുറഞ്ഞ നിമിഷമേ ചിത്രത്തിലുള്ളുവെങ്കിലും വലിയ രീതിയിൽ ശ്രദ്ധ നേടിയ ആ സീനിനെ കുറിച്ച് പറയുകയാണ് സുഷിൻ. ചിത്രത്തിൽ അഭിനയിക്കുമ്പോൾ അഭിനയത്തെ കുറിച്ച് തനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു എന്നാണ് സുഷിൻ പറയുന്നത്.
ആ സീനിൽ താൻ ഷേഡ് വെച്ചത് പേടിയുള്ളത് കൊണ്ടാണെന്നും തന്റെ കണ്ണിൽ ടെൻഷൻ കാണാമായിരുന്നുവെന്നും ജിഞ്ചർ മീഡിയയോട് സുഷിൻ പറഞ്ഞു.
‘അന്ന് അഭിനയിക്കുന്നത് നിവിൻ പോളിയുടെയും അജു വർഗീസിന്റെയും കൂടെയല്ലേ. അവരെല്ലാം അറ്റ്ലീസ്റ്റ് ആക്ടിങ് സ്കിൽ ഉള്ള ആളുകളല്ലേ. പക്ഷെ ആ കാര്യത്തിൽ എനിക്കൊരു ഐഡിയ ഇല്ലായിരുന്നു. ഞാൻ ശരിക്കും ആ സീനിൽ ഷേഡ്സ് വെച്ചത് എനിക്ക് പേടിയുള്ളത് കൊണ്ടാണ്. എന്റെ കണ്ണിൽ ടെൻഷൻ കാണാമായിരുന്നു.
ഒരു ഷേഡ്സ് വെച്ച് കുറച്ചൂടെ സ്വാഗ് ആക്കിയതാണ്. ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഈ സാധനം ചെയ്തതിന് ശേഷമാണ്.
അതുവരെ ഒരു മ്യൂസിഷ്യനായിട്ട് കുറച്ച് പേർക്ക് അറിയാമെന്നല്ലാതെ അധികം സിനിമയൊന്നും ചെയ്തിട്ടില്ല,’സുഷിൻ ശ്യാം പറയുന്നു.
Content Highlight: Sushin Shyam Talk About Thattathin Marayathu Movie