Entertainment
വിവിധ രാജ്യങ്ങളിൽ ഉള്ളവരാണ് ആവേശത്തിലെ ആ ഗാനം കേട്ടത്, അതെല്ലാം ആ മാറ്റം കാരണം: സുഷിൻ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 04, 04:02 am
Sunday, 4th August 2024, 9:32 am

നിലവിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. അഭിനേതാക്കളുടെ സ്ക്രിപ്റ്റ് സെലക്ഷൻ പോലെ സുഷിന്റെ സിനിമ തെരഞ്ഞെടുപ്പുകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

ഈ വർഷം ഇറങ്ങി വലിയ വിജയങ്ങളായി മാറിയ മഞ്ഞുമ്മൽ ബോയ്സ്, ആവേശം തുടങ്ങിയ സിനിമകൾക്കെല്ലാം കരുത്ത് പകർന്നത് സുഷിൻ ശ്യാമിന്റെ സംഗീതമായിരുന്നു.

കാലത്തിനനുസരിച്ച് സംഗീതത്തിന് മാറ്റം ഉണ്ടാവുമെന്ന് പറയുകയാണ് സുഷിൻ ശ്യാം. പാട്ടുകൾ ഹിറ്റാവുമ്പോൾ അത് സിനിമയെ കൂടുതൽ ആളുകൾക്കിടയിലേക്ക് എത്താൻ സഹായിക്കുമെന്നും ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന ഗാനം വിവിധ രാജ്യങ്ങളിൽ ഉള്ളവരാണ് കേട്ടതെന്നും സുഷിൻ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു സുഷിൻ.

‘സിനിമയ്ക്കും സംഗീതത്തിനും കാലത്തിനനുസരിച്ചു മാറ്റമുണ്ടാകും. ഉണ്ടായേ തീരൂ. കൂടുതൽ ആൾക്കാർ കേൾക്കുമ്പോൾ പാട്ടു ഹിറ്റാകും. വാണിജ്യ തലത്തിൽ നോക്കുമ്പോൾ അതാണ് വേണ്ടത്. പാട്ടു ഹിറ്റാകുമ്പോൾ അതു സിനിമ കൂടുതൽ ആളുകളിലേക്കെത്താൻ കൂടിയുള്ള വഴിയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ‘ഇല്ലുമിനാറ്റി’ എന്ന പാട്ട് കേട്ടത്. ആളുകളെ ആകർഷിക്കാൻ കഴിയുന്നതാകണം സിനിമയിലെ ഗാനങ്ങൾ.

ഹുക്ക് എന്ന രീതി പടിഞ്ഞാറ് നിന്ന് വന്നതാകാം. പണ്ടത്തെ പാട്ടുകളിൽ പല്ലവി ആവർത്തിച്ചു വരുന്നതുപോലെ ഇപ്പോൾ ഹുക്കുകളാണ് ട്രെൻഡ്. 8-10 വർഷം കഴിഞ്ഞാൽ മറ്റൊരു രീതി വന്നേക്കാം. അത്രയേയുള്ളു. മാലിക്കിലെ ‘തീരമേ തീരമേ…’ എന്ന പാട്ട് മറ്റൊരു ശൈലിയല്ലേ. സിനിമയ്ക്കു ചേർന്ന വിധത്തിൽ പാട്ടൊരുക്കുകയെന്നതാണ് പ്രധാനം. സംഗീതമാണ് എൻ്റെ മേഖല.

സാഹിത്യത്തിൽ ശ്രദ്ധിക്കാറുണ്ടോ എന്നു ചോദിച്ചാൽ അല്ലെന്നായിരിക്കും ഉത്തരം. പക്ഷേ, എന്താണ് എന്റെ പാട്ടിൽ വേണ്ടതെന്ന് എനിക്കറിയാം. എനിക്ക് നന്നായി അറിയാവുന്ന എഴുത്തുകാരാണ് എന്റെ സംഗീതത്തിന് വരികളെഴുതുന്നത്. അവർക്കെന്നെയും എനിക്കവരെയും നല്ല വിശ്വാസവുമാണ്,’സുഷിൻ ശ്യാം പറയുന്നു.

Content Highlight: Sushin Shyam Talk About New Trends In Music