| Saturday, 14th October 2023, 4:12 pm

'യെസ് പറയുമ്പോൾ സിനിമയുടെ സ്ക്രിപ്റ്റാണ് ശ്രദ്ധിക്കുക, കണ്ണൂർ സ്‌ക്വാഡിലെ തീം അങ്ങനെ ഉണ്ടായത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ, ചിത്രത്തിൽ സംഗീതം ഒരുക്കിയ സുഷിൻ ശ്യാമും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്. ഒരു സിനിമയിൽ സംഗീതം ചെയ്യുന്നതിന് മുൻപ് സംഗീതജ്ഞൻ എന്ന നിലയിൽ എന്തൊക്കെ ശ്രദ്ധിക്കാറുണ്ടെന്ന് പങ്കു വെക്കുകയാണ് സുഷിൻ ശ്യാം.

‘ഒരു സിനിമയിൽ യെസ് പറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക ആ ചിത്രത്തിന്റെ സ്ക്രിപ്റ്റിൽ എന്നെ പ്ലേസ് ചെയ്യാൻ പറ്റുന്നുണ്ടോ എന്നാണ്,’ സുഷിൻ പറയുന്നു. രേഖ മേനോനുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഷിൻ.

‘കണ്ണൂർ സ്‌ക്വാഡിന്റെ കഥ പറഞ്ഞപ്പോൾ അത് ഭയങ്കര വലുതായിയുന്നു. കുറെ കാര്യങ്ങൾ സിനിമയിൽ വന്നു പോവുന്നത് കൊണ്ട് തന്നെ അതൊന്ന് പിടിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു.

കഥ കേട്ടപ്പോൾ ഞാൻ റോബിയോട് ചോദിച്ചിരുന്നു ഇതൊരു സീരീസായി എടുത്തൂടെയെന്ന്. ഒന്ന് രണ്ട്‌ വട്ടം ഞാൻ അതിന്റെ കഥ കേട്ടിരുന്നു. പിന്നെ ചിത്രത്തിന്റെ ദൃശ്യങ്ങളെല്ലാം കണ്ടപ്പോൾ ആവേശകരമായി തോന്നി.

ഒരു സിനിമയിൽ യെസ് പറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക ആ ചിത്രത്തിന്റെ സ്ക്രിപ്റ്റിൽ എന്നെ പ്ലേസ് ചെയ്യാൻ പറ്റുന്നുണ്ടോ എന്നാണ്. അഭിനയിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കും. കഥ കേൾക്കുമ്പോൾ അവർ ആ വേഷങ്ങളിലേക്ക് അനുയോജ്യരാണോ യെന്ന് ഞാൻ ആലോചിച്ചു നോക്കും. താരങ്ങളെക്കാൾ അവരുടെ പ്രകടനത്തിലാണ് ഞാൻ ശ്രദ്ധ കൊടുക്കുക.

കഥാപാത്രങ്ങൾക്ക് എത്രത്തോളം ബിൽഡ് അപ്പ്‌ വേണമെന്ന് ചിന്തിച്ചു നോക്കും.
പടത്തിന്റെ മൂഡും ഇമോഷൻസും നോക്കിയാണ് സംഗീതം ചേർക്കുക. ആദ്യം മുതലേ സിനിമ എങ്ങനെയാണെന്ന് പഠിക്കാൻ ശ്രമിക്കും. ഒരുപാട് വട്ടം പടം കാണും. സിനിമ കാണുന്ന പ്രേക്ഷകനുമായി എന്താണ് കണക്ട് ആവുകയെന്ന് ചിന്തിച്ചുനോക്കും.

കണ്ണൂർ സ്‌ക്വാഡ് അങ്ങനെ ചെയ്ത സിനിമയാണ്. ആദ്യം ചിത്രത്തിലെ സ്‌ക്വാഡിന് വേണ്ടിയൊരു തീം ഉണ്ടാക്കിയെടുത്തു. ആ തീമിലാണ് പടം മുഴുവൻ പോവുന്നത്. പിന്നീട് അതിൽ നിന്നാണ് ‘മൃദുഭാവേ’ പാട്ടുണ്ടാവുന്നത്.

മമ്മൂക്കയെ കാണിക്കുന്ന സീനിന് വേണ്ടി ഞാൻ ഒരു സ്ലോ പേസ് ബി.ജി.എം ആയിരുന്നു തയ്യാറാക്കിയത്. കാരണം കണ്ണൂർ സ്‌ക്വാഡ് അതായിരുന്നു ഡിമാൻഡ്‌ ചെയുന്നുണ്ടായിരുന്നത്. ടൈറ്റില് മ്യൂസിക്ക് ആണെങ്കിലും അങ്ങനെയാണ് നിർമിച്ചത്.

സീൻ മൊത്തം കാട്ടിലൂടെയുള്ള സഞ്ചാരമാണ്. ആ ഒരു അവസ്ഥയിലേക്ക് പ്രേക്ഷകരെ എത്തിക്കാനാണ് ടൈറ്റിൽ ട്രാക്ക് അത്തരത്തിൽ ചെയ്തത്,’സുഷിൻ പറയുന്നു.

Content Highlight : Sushin Shyam Talk About Kannur Squade Movie

We use cookies to give you the best possible experience. Learn more