2024 തുടക്കത്തിൽ താന്നെ കേരള ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കി ലോക വ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
ജാൻ-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന് ആദ്യം മുതൽ തന്നെ ചർച്ചകളിൽ ഇടം നേടിയിരുന്നെങ്കിലും ചിത്രത്തിന് ആദ്യ ഹൈപ്പ് കിട്ടിയത് സംഗീത സംവിധായകൻ സുഷിൻ ശ്യാം മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മറ്റും എന്ന് പറഞ്ഞതോടെയാണ്.
റിലീസിന് പിന്നാലെ സുഷിൻ പറഞ്ഞ പോലെ തന്നെ സംഭവിക്കുകയും ചെയ്തു. അന്യഭാഷകളിലടക്കം ഗംഭീര അഭിപ്രായം നേടിയ ചിത്രത്തിലെ സുഷിന്റെ സംഗീതവും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. സുഷിന്റെ സംഗീതത്തിൽ ഇറങ്ങനിരിക്കുന്ന അടുത്ത ചിത്രമാണ് ആവേശം. രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ആവേശം.
ആവേശം പ്രേക്ഷകരെ ആവേശത്തിലാക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുഷിൻ. ആവേശം എന്ന പേരിട്ടത് വെറുതെയാവില്ല എന്നാണ് പ്രതീക്ഷയെന്നും രോമാഞ്ചം ഇറങ്ങിയ സമയത്ത് രോമാഞ്ചം കൊള്ളിക്കുമോയെന്നായിരുന്നു ചോദ്യമെന്നും സുഷിൻ പറഞ്ഞു. മഞ്ഞുമ്മൽ സീൻ മാറ്റുമെന്ന് ചുമ്മാ തള്ളിയതായിരുന്നുവെന്നും സുഷിൻ തമാശരൂപേണ പറഞ്ഞു.
‘തിയേറ്ററിൽ ആവേശം കൊള്ളിക്കണമല്ലോ അതുകൊണ്ടല്ലേ അങ്ങനെയൊരു പേരിട്ടത്. ഇതുപോലെ തന്നെയായിരുന്നു രോമാഞ്ചം ഇറങ്ങിയപ്പോഴും. രോമാഞ്ചം കൊള്ളിക്കുമോ എന്നായിരുന്നു അന്ന് ചോദിച്ചത്. അപ്പോഴും എനിക്കൊരു ആകാംക്ഷയുണ്ടായിരുന്നു രോമാഞ്ചം കൊള്ളിക്കുമെന്ന ഒരു സാധനം.
ആവേശം സത്യത്തിൽ ഫുള്ളി എന്റർടൈനറാണ്. മൊത്തത്തിൽ ചിരിയും പരിപാടിയുമൊക്കെ ആയിട്ട് ചിരിയും കളിയുമൊക്കെ ആയിട്ട് പാക്ക്ഡായിട്ടുള്ള പടമാണ്. എക്സൈറ്റ്മെന്റ് തെറ്റാൻ സാധ്യതയില്ല എന്നാണ് എന്റെ പ്രതീക്ഷ.
മറ്റേത് സീൻ മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ട് പറഞ്ഞതൊന്നുമല്ല ചുമ്മാ തള്ളി നോക്കിയതല്ലേ. അങ്ങനെ തന്നെയാവട്ടെ ആവേശവും,’സുഷിൻ ശ്യാം പറയുന്നു.
Content Highlight: Sushin Shyam Talk About Expectation About Avesham Movie