അനിരുദ്ധൊക്കെ ചെയ്യുന്ന ടൈപ്പ് മ്യൂസിക്കാണ് ആവേശത്തില്‍ ഞാന്‍ ട്രൈ ചെയ്തിട്ടുള്ളത്: സുഷിന്‍ ശ്യാം
Entertainment
അനിരുദ്ധൊക്കെ ചെയ്യുന്ന ടൈപ്പ് മ്യൂസിക്കാണ് ആവേശത്തില്‍ ഞാന്‍ ട്രൈ ചെയ്തിട്ടുള്ളത്: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th March 2024, 8:25 am

മലയാളത്തിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് തന്റെ കരിയര്‍ ആരംഭിച്ച സുഷിന്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ബ്രാന്‍ഡ് മ്യൂസിക് ഡയറക്ടറായി മാറി. 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്സിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. കുറുപ്പ്, മാലിക്, ഭീഷ്മപര്‍വം, രോമാഞ്ചം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ വന്‍ വിജയമായതിന് പിന്നില്‍ സുഷിന്റെ സംഗീതം നല്‍കിയ സ്വാധീനം ചെറുതല്ല. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിന്റെ സംഗീതവുമൊരുക്കിയത് സുഷിനാണ്.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശമാണ് സുഷിന്റെ അടുത്ത ചിത്രം. ബാംഗ്ലൂരിലെ രംഗ എന്ന ഗ്യാങ്‌സ്റ്ററായി ഫഹദ് ഫാസില്‍ എത്തുന്ന സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ താന്‍ ചെയ്ത വര്‍ക്കിനെക്കുറിച്ച് റേഡിയോ മംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുഷിന്‍ സംസാരിച്ചു.

‘ബില്‍ഡപ്പ് കൊടുക്കരുതെന്ന് തീരുമാനിച്ചതാണ്. പക്ഷേ ആവേശത്തിനെപ്പറ്റി പറയാതിരിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇതുവരെ ഇങ്ങനെയൊരു ഴോണര്‍ ചെയ്തിട്ടില്ല. ആദ്യമായിട്ട് ട്രൈ ചെയ്യുന്നൊരു ഴോണറാണ്. ആ കാര്യത്തില്‍ ജിത്തുവും കുറച്ച് എക്‌സൈറ്റഡാണ്. ഞാന്‍ സ്ഥിരം ചെയ്യുന്ന പാറ്റേണില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്ന മ്യൂസിക്കാണ് ആവേശത്തില്‍. രോമാഞ്ചത്തില്‍ ഫണ്‍ ടൈപ്പ് ആയിട്ടുള്ള മ്യൂസിക്കാണ് ഉള്ളത്.

ആവേശത്തില്‍ മെയിനായിട്ട്, സൗത്ത് സൈഡ് ഫ്‌ളേവറുള്ള സൗണ്ട് കൂടുതലായി പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അനിരുദ്ധൊക്കെ ചെയ്യുന്ന പോലൊരു ടൈപ്പ് മ്യൂസിക്ക് ഈ പടവും ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. ആ ടൈപ്പ് ബ്രൈറ്റായിട്ടുള്ള കളേഴ്‌സാണ് സിനിമയില്‍ കൂടുതല്‍. അതുപോലെ ബ്രൈറ്റായിട്ടുള്ള സോങ്ങുകളാണ് ട്രൈ ചെയ്യുന്നത്,’ സുഷിന്‍ പറഞ്ഞു.

Content Highlight: Sushin Shyam shares the hope on Aavesham