Advertisement
Entertainment
വിദ്യാസാഗര്‍ സാറൊക്കെ നമ്മളെക്കാള്‍ അപ്‌ഡേറ്റഡാണെന്ന് അന്ന് മനസിലായി: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 06, 12:16 pm
Wednesday, 6th March 2024, 5:46 pm

സപ്തമശ്രീ തസ്‌കരാഃ എന്ന സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് തന്റെ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറായി മാറിയിരിക്കുകയാണ് സുഷിന്‍ ശ്യാം. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ബ്രാന്‍ഡ് മ്യൂസിക് ഡയറക്ടറായി മാറിയ സുഷിന്‍, 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്സിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. കുറുപ്പ്, മാലിക്, ഭീഷ്മപര്‍വം, രോമാഞ്ചം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ വന്‍ വിജയമായതിന് പിന്നില്‍ സുഷിന്റെ സംഗീതം നല്‍കിയ സ്വാധീനം ചെറുതല്ല. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിന്റെ സംഗീതവുമൊരുക്കിയത് സുഷിനാണ്.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ തുടക്കകാലത്ത് താന്‍ അസിസ്റ്റ് ചെയ്ത സംഗീതസംവിധായകരുടെ കൂടെയുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. ദീപക് ദേവിന്റെ അസിസ്റ്റന്റായി തുടങ്ങിയ സുഷിന്‍ വിദ്യാസാഗറിന് കീഴിലും സംഗീത സഹായിയായി നിന്നിരുന്നു. വിദ്യാസാഗറിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ പുതിയതായി എന്തെങ്കിലും അറിവ് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് സുഷിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ദീപക്കേട്ടന്‍ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് വിദ്യാസാഗര്‍ സാറിന്റെയടുത്ത് എത്തുന്നത്. ദീപക്കേട്ടനെപ്പോലെയല്ല വിദ്യാസാഗര്‍ സാര്‍. വളരെ ഡിഫറന്റാണ്. അദ്ദേഹത്തിന്റെ സ്റ്റൈല്‍ എന്തായിരുന്നെന്ന് വെച്ചാല്‍, ഞാന്‍ ആ സമയത്ത് ഡബ്‌സ്റ്റെപ്പ് ആയിരുന്നു ഫോളോ ചെയ്തിരുന്നത്. ഹണീബീയിലൊക്കെ അത് ഉപയോഗിച്ച് ട്രെന്‍ഡായി നില്‍ക്കുന്ന സമയമായിരുന്നു അത്. ഞാന്‍ വിദ്യാ സാറിനോട് പറഞ്ഞു, ഡബ്‌സ്റ്റെപ്പ് എന്ന് പറഞ്ഞ പുതിയൊരു ഴോണര്‍ വന്നിട്ടുണ്ട്. അത് അടിപൊളിയാണെന്ന്. അതിന് സാര്‍ തന്ന മറുപടി, ഡബ്‌സ്റ്റെപ്പോ? അതൊക്കെ പഴയ സാധനമാണ്, ഇപ്പോത്തെ ട്രെന്‍ഡ് ട്രാപ് ആണെന്ന്.

ഇപ്പോഴാണ് നമ്മള്‍ ട്രാപും സ്‌കില്ലും ഒക്കെ കൂടുതല്‍ ഉപയോഗിക്കുന്നത്. അന്ന് പുള്ളി എന്റെയടുത്ത് ട്രാപിനെപ്പറ്റിയൊക്കെ പറഞ്ഞപ്പോള്‍, ഇത്രക്ക് അപ്‌ഡേറ്റഡാണോ എന്ന് തോന്നിപ്പോയി. ദീപക്കേട്ടന്‍ ഇത്രക്ക് അപ്‌ഡേറ്റാവാന്‍ കാരണം എന്താണെന്ന് എനിക്ക് അന്ന് മനസിലായി. കാരണം, വിദ്യാസാഗര്‍ സാറിന്റെയടുത്ത് നിന്നാണല്ലോ ദീപക്കേട്ടനും വന്നത്. അതൊക്കെ കണ്ടപ്പോള്‍ നമ്മളാണ് ഇനി അപ്‌ഡേറ്റാവേണ്ടതെന്ന് തോന്നിപ്പോയി,’ സുഷിന്‍ പറഞ്ഞു.

Content Highlight: Sushin Shyam shares the experience of working with Vidyasagar