മലയാളത്തിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറായി മാറിയിരിക്കുകയാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് തന്റെ കരിയര്‍ ആരംഭിച്ച സുഷിന്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ബ്രാന്‍ഡ് മ്യൂസിക് ഡയറക്ടറായി മാറി. 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. കുറുപ്പ്, മാലിക്, ഭീഷ്മപര്‍വം, രോമാഞ്ചം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ വന്‍ വിജയമായതിന് പിന്നില്‍ സുഷിന്റെ സംഗീതം നല്‍കിയ സ്വാധീനം ചെറുതല്ല. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംഗീതവുമൊരുക്കിയത് സുഷിനാണ്.
യാതൊരു ഹൈപ്പുമില്ലാതിരുന്ന സിനിമക്ക് ഹൈപ്പ് കൂടാന്‍ കാരണം സുഷിന്റെ പ്രസ്താവനയായിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്‍ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന വാചകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചിത്രത്തിന് പ്രതീക്ഷ കൂടുകയും ചെയ്തു. ഒടുവില്‍ സുഷിന്‍ പറഞ്ഞതുപോലെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റി. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം ഒരുപോലെ ചര്‍ച്ചാവിഷയമായി. 12 ദിവസം കൊണ്ട് 100കോടി ക്ലബ്ബിലെത്താനും ചിത്രത്തിന് സാധിച്ചു. ചിത്രത്തിന്റെ കമ്പോസിങ് അനുഭവങ്ങള്‍ റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
‘ചില പടങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് തന്നെ തോന്നും ഇത് വര്‍ക്കാവും എന്ന്. കോണ്‍ഫിഡന്‍സ് അല്ല, അത് നമ്മുടെ എക്‌സൈറ്റ്‌മെന്റാണ്. ഇനിയിപ്പോള്‍ സിനിമയിറങ്ങി അത് വര്‍ക്കായില്ലെങ്കില്‍പ്പോലും എന്നെ സംബന്ധിച്ച് ഞാന്‍ പറഞ്ഞത് മാറില്ല. അത് എനിക്ക് തോന്നിയ കാര്യമാണ്. എന്റെ മനസില്‍ അത് അത്രയും നല്ല പ്രൊജക്ടാണ്. ഒരുപാട് സമയമെടുത്ത് ചെയ്ത വര്‍ക്കാണ് ആ പടത്തിലേത്. എല്ലാ പടത്തിലെ വര്‍ക്കും ചെയ്ത പോലെ ഇതിലും ഞാന്‍ കുറച്ച് ട്രാവല്‍ പരിപാടിയൊക്കെ ചെയ്തിട്ടുണ്ട്. ആ ഒരു മൂഡ് കിട്ടാന്‍ വേണ്ടി കൊടൈക്കനാലില്‍ ആറ് ദിവസം പോയി കമ്പോസ് ചെയ്തിട്ടുണ്ട്. അവിടെ ഒരു വ്യൂ സെറ്റ് ചെയ്ത് വെച്ചിട്ടാണ് ഞാന്‍ നെബുലകള്‍ കമ്പോസ് ചെയ്തത്.
എനിക്കാ തണുപ്പ് വേണമായിരുന്നു ആ പാട്ട് കമ്പോസ് ചെയ്യാന്‍. ആറേഴ് ദിവസം സ്‌പെന്‍ഡ് ചെയ്താണ് നെബുലകള്‍ കംപ്ലീറ്റാക്കിയത്. ആ ട്രാക്ക് കിട്ടാന്‍ കുറച്ച് ടൈമെടുത്തു. സ്‌ക്രിപ്റ്റും, ഐഡിയയും, സ്‌ക്രീന്‍പ്ലേയും എല്ലാം ഞാന്‍ കണ്ടതാണ്. പടമായിക്കഴിഞ്ഞപ്പോള്‍ എന്റെ എക്‌സൈറ്റ്‌മെന്റ് കൂടി. വിഷ്വല്‍സും ചേര്‍ത്ത് കണ്ടപ്പോള്‍ ഉണ്ടായ എക്‌സൈറ്റ്‌മെന്റാണ് സീന്‍ മാറ്റും എന്ന് എന്നെക്കൊണ്ട് പറയിപ്പിച്ചത്. പക്ഷേ അതിങ്ങനെ സ്‌പ്രെഡാകുമെന്ന് വിചാരിച്ചില്ല. സിനിമയുടെ റിലീസിന്റെയന്ന് തിയേറ്ററില്‍ പോകണോ എന്ന് ഞാന്‍ ആലോചിച്ചു.
ഇതിന് മുമ്പ് ഞാന്‍ ഇങ്ങനെ ടെന്‍ഷന്‍ അടിച്ച വേറൊരു പടം ഉണ്ടായിട്ടില്ല. എന്റെ ഭാഗത്ത് നിന്ന് ഒരുറപ്പ് പോയത് പോലെ തോന്നി. അത് എനിക്ക് വല്ലാതെ പ്രഷര്‍ തന്ന പോലെയായി. അതുകൊണ്ട് ഇനിമുതല്‍ ഞാന്‍ ഇന്റര്‍വ്യൂവില്‍ ബില്‍ഡപ്പുകള്‍ കൊടുക്കുന്നത് കുറക്കാന്‍ പോവുകയാണ്,’ സുഷിന്‍ പറഞ്ഞു.
Content Highlight: Sushin shyam shares the experience of Nebulakal song composing